വ്യാഴാഴ്‌ച, മേയ് 05, 2011

മരണാനന്തരം

                                              


ലോ..പ്രതീപേ...നീയെവിടെയാ..?”
“ ഞാന്‍ വണ്ടിയേലാ..എന്താടാ..?”- പ്ലാങ്കണ്ടത്തിലെ ഓനച്ചഞ്ചേട്ടന്റെ വീടിരുന്ന കുന്നിന്‍പുറം ജേസീബിക്ക് കുത്തിമാന്തി ടിപ്പറേല്‍ നിറച്ച്, അതുമായി പടിഞ്ഞാറന്‍ മേഖലയിലെ ഏതോ നെല്പാടം നികത്താന്‍ വച്ചുപിടിക്കുമ്പോഴാണ് ,ഓട്ടോക്കാരന്‍ ജോമോന്റെ വിളി.....
ജോമോന്റെ വോക്കല്‍ ഫ്രീക്വന്‍സിയില്‍ എന്തോ പന്തികേടു മണത്തറിഞ്ഞ ടിപ്പര്‍ സാരഥി ആക്സിലറേറ്ററില്‍നിന്നും കാലയക്കാതെ തന്നെ പ്രതികരിച്ചു....
“ എന്നാടാ....- ##**@  ....... മോനേ“..നിന്റെ വണ്ടി പോലീസു പിടിച്ചോ..?”
“ ഇല്ലെട....ഇത് വേറൊരുകാര്യാ.....”- പ്രതീപന്‍  “വേറൊരു കാര്യം”  കേള്‍ക്കാന്‍ വേണ്ടി മൊബൈല്‍ കാതിലേക്കു മാക്സിമം തിരുകിക്കയറ്റി..! ആകെ സ്റ്റിയറിംഗിലുണ്ടായിരുന്ന  വലതുകൈകൊണ്ട്  എയര്‍ ഹോണിന്റെ ബട്ടനമര്‍ത്തി....അലറിയടുക്കുന്ന ടിപ്പറു കണ്ട് ഭയന്ന്, പള്ളിക്കൂടം പിള്ളേരും, അല്ലാത്ത പിള്ളേരും, സാധാരണ പൌരന്മാരും,പൌരിമാരും തിരിഞ്ഞുനോക്കാതെ റോഡില്‍നിന്നും എസ്കേപ്പായി...!!
രണ്ടു പിള്ളേരുടെ പടമുള്ള  സൈന്‍ ബോര്‍ഡ് കണ്ടപ്പോള്‍ തുടങ്ങിയ ഹോണടി, സ്കൂളും കഴിഞ്ഞ്, പിന്നേയും കുറേ ഓടിയിട്ടേ നിര്‍ത്തിയുള്ളു..!!
“ നീയെന്നാന്നു വച്ചാ കാര്യം പറയടാ....”
“..- ##**@- - -മോനേ..നിന്റെയാ ഓണടിയൊന്നു നിര്‍ത്ത്...ചെവിപൊട്ടിപ്പോണ്...!!”
“സ്കൂളിന്റെ മുന്നിലാരുന്ന്.....വല്ല നരന്ത്കളും വട്ടംവെച്ചാ ..എനിക്കു പണികിട്ടും..!!”
“അതേയ്.......രാജൂന്റെ അമ്മ....മരിച്ചു പോയെടാ...!”
“ങേ..ഹേത്..നമ്മടെ മേലേടത്തെ രാജൂന്റെയോ...?”
“ഉം....”
“അയ്യോ..എപ്പോ..?”-
“അരമണിക്കൂറായിക്കാണും..അറ്റാക്കായിരുന്ന്..മെഡിക്കല്‍ ട്രസ്റ്റിലാ...!“
മറുപടിയായി പ്രതീപിന് ഒന്നും മിണ്ടാന്‍ കഴിയും മുന്‍പേ....എതിരേവന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന്റെ മുന്‍ഭാഗം തകരാതിരിക്കാന്‍ അയാള്‍ ടിപ്പര്‍ ഇടത്തേക്കു വെട്ടിച്ചു....മിനിമം ഗ്യാപ്പില്‍ ഇടിയില്‍നിന്നൊഴിവായി വണ്ടി..മുന്നിലെ ഗട്ടറിലേക്കു കുതിച്ചു ചാടി..!ഇപ്പോള്‍..പൈലറ്റിന്റെ കാല് ആക്സിലറേറ്ററില്‍ നിന്നും അല്‍പ്പംഒയന്നഞ്ഞു...പിന്നെ തല വെളിയിലേക്കു നീട്ടി  ആ ബസ് ഡ്രൈവറെ മുന്തിയതരം നാലു തെറിവിളിച്ചു...ഭാരമേറിയ ആനാലു തെറികളും..ലക്ഷ്യം കാണാതെ നടുറോഡില്‍ തലകുത്തിവീണുതകര്‍ന്നു..!
ഇടയില്‍ കട്ടായ ഫോണ്‍..വീണ്ടും ശബ്ദിച്ചു....ജോമോന്‍ വീണ്ടും...
ഇത്തവണ...വണ്ടി ഒതുക്കാന്‍ തന്നെ ആ -ദേഹംതീരുമാനിച്ചു..
റോഡിലേക്കു കയറ്റിസ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റും അതില്‍ തൂങ്ങിയ പരസ്യങ്ങളും പിന്നിട്ട് പള്ളിയുടെ മുന്നിലെ നേര്‍ച്ചക്കുറ്റിയുടെ മുന്നില്‍
വണ്ടിനിന്നു...എതിരേ ടിപ്പര്‍ കണ്ട ഒരു പാവം ബൈക്കുകാരന്‍  അടുത്തുകണ്ട ഒരു ഇടവഴിയിലേക്കു വണ്ടി തിരിച്ചുകയറ്റിരക്ഷപ്പെട്ടു..!
“നീവരൂല്ലേ...?” - മറുതലയ്കല്‍ ജോമോന്‍.
“ പിന്നേ,ഞാനെത്തിക്കോളാം.“ വല്ലാത്തൊരു വേദനയോടെ അയാള്‍ ഫോണ്‍ കട്ടുചെയ്തു.
                  
                                ഉറ്റ ചെങ്ങാതി എന്നതിലുപരി വല്ലാത്തൊരാത്മ ബന്ധം രാജുവുമായുണ്ട്..ആ..അമ്മ..ആ കുടുംബം..എല്ലാമെല്ലാം..തനിക്കത്രയേറെ പ്രിയപ്പെട്ടതാണ്..സഹിക്കാവുന്നതിനപ്പുറമാണീ വാര്‍ത്ത...എങ്ങിനെയാണ് പ്രിയ സ്നേഹിതനെ ഒന്നാശ്വസിപ്പിക്കുക.ഏറിയ ദു:ഖഭാരത്തോടെ അയാള്‍ മുന്നോട്ടൂ ചുവടുവച്ചു.. അങ്ങിങ്ങായി കാത്തു നിന്നവരേയോ...പരിചയക്കാരേയോ ...ഒന്നും അയാള്‍ ശ്രദ്ധിച്ചില്ല ...ചിലര്‍ അടക്കം പറയുന്നു...മറ്റു ചിലര്‍  ”ശ്ശ്...” ശബ്ദമുണ്ടാക്കി അയാളെ പിന്നിലേക്കു വിളിക്കുന്നു....ഒന്നും വകവക്കാതെ അയാള്‍ മുന്നിലെത്തി .. ദീനതയോടെ വിതുമ്പി....
‘ രണ്ട്  ഓ പ്പീ യാറ് ഫുള്ള്...!..”
തൊട്ടുപിന്നില്‍ വിയര്‍ത്തൊലിച്ച് അക്ഷമനായി ‘ക്യൂ ‘നിന്ന പുരുഷ കേസരിയോട് അയാള്‍ മെല്ലെ യാചിച്ചു..
“ ഒരു മരണക്കേസ്സാ ചേട്ടാ..സഹിക്കാന്‍ പറ്റണില്ലേയ്.....!!”

                                                                                    *