ബുധനാഴ്‌ച, ഡിസംബർ 28, 2011

കാണാപ്പുറങ്ങള്‍

                   പെയ്തൊഴിഞ്ഞ മഴയുടെ ശേഷിപ്പെന്നോണം, മുകളിലത്തെ തൊടികളില്‍ നിന്നും നീര്‍ച്ചാലുകള്‍ താഴെ വെള്ളം നിറഞ്ഞ പാടത്തേക്ക് പല വഴികളിലൂടൊഴുകിക്കൊണ്ടിരുന്നു. അതിന്റെ ഒഴുക്ക് താഴത്തെ തൊടിയിലേക്കു തിരിച്ചുവിട്ടിരിക്കുകയാണ് ‍അച്ഛന്‍. ഓരോ കാലത്തും ഓരോ കൃഷിയാണ് അവിടെ ചെയ്യുക.മഴക്കാലമായാല്‍ അടിച്ചൊരുക്കി നെല്ലു വിതക്കും. അല്ലാത്തപ്പോള്‍ പല തരം പച്ചക്കറികള്‍.  
                            ഒഴുകിയെത്തിയ വെള്ളം തൊടിയില്‍ നന്നായി നിരന്നിരുന്നു. അച്ഛന്‍ അവിടം ഉഴുതു മറിക്കുകയാണ്. വെണ്ടമണി കെട്ടിയ രണ്ടു വെള്ളക്കാളകള്‍ ഒരു പ്രത്യേക താളത്തില്‍ അടിവെച്ചടിവെച്ച് കലപ്പ വലിച്ചുകൊണ്ടിരുന്നു. പിന്നില്‍ കലപ്പയില്‍ ഇടതുകൈയുറപ്പിച്ച് വലം കയ്യില്‍ വടിയും പിടിച്ച് അച്ഛന്‍. കാട്ടുവള്ളികള്‍കൊണ്ട് പ്രത്യേകം വരിഞ്ഞ് തയ്യാറാക്കിയ ആ വടി കാളകളുടെ മേല്‍ തൊടാതെ, ഒരു പ്രത്യേക അകലത്തില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. മേല്‍പ്പോട്ടു വളഞ്ഞ കൊമ്പുകളും, വലിയ കണ്ണുകളും ഉള്ള, കാഴ്ച്ചയില്‍ ഒരേപോലെ തോന്നിക്കുന്ന കാളകള്‍ രണ്ടും, പ്രത്യേക നിയന്ത്രണങ്ങളൊന്നുമാവശ്യമില്ലാതെ ഒരേതാളത്തില്‍ അനായാസേന അവരുടെ ജോലി ചെയ്തുകൊണ്ടിരുന്നു. രാവിലെ തറവാട്ടില്‍ നിന്നും കൊണ്ടുവന്നതാണവയെ. മുത്തച്ഛന്‍ ‘മക്കളെ’ എന്നു ചൊല്ലി വിളിക്കുന്ന ആ കാളകള്‍ രണ്ടും ഉഴവില്‍ അതി വിദഗ്ദരത്രേ..!
                                       കലപ്പ മണ്ണിലേക്കാഴ്ന്നിറങ്ങുന്ന ശബ്ദം. ചേറും വെള്ളവും തെറിപ്പിച്ച് കാളകള്‍ മുന്നേറുന്ന ശബ്ദം. അവയുടെ കഴുത്തിലെ ചെറിയ വെണ്ട മണികളുടെ ശബ്ദം. എല്ലാം..എല്ലാം ഒരു പ്രത്യേക താളത്തില്‍. ആ  താളത്തിനൊത്ത് അച്ഛന്റെ കൈയ്യിലിരുന്ന വടി മെല്ലെ ചലിച്ചു കൊണ്ടിരുന്നു. ഇടക്ക് കാളകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ചില പ്രത്യേക ശബ്ദത്തില്‍ അച്ഛന്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. പലപ്പോഴും ഈ താളക്രമത്തില്‍  എന്റെ തലയും ഞാനറിയാതെ ചലിക്കുകയായിരുന്നു. ഏറെനേരമായി ഇതെല്ലാം ആസ്വദിച്ച് മുകളിലത്തെ നടപ്പാതയില്‍ ഞാനിരിക്കുകയാണ്. കാലില്‍ മരവിപ്പു തോന്നിയപ്പോള്‍ എഴുന്നേറ്റു. അപ്പോഴാണ് അരുകില്‍ ചേര്‍ത്തുവച്ച കൂണിന്റെ കാര്യം ഓര്‍മ വന്നത്. കുറെ മുന്‍പ് തൊടിയിലൂടെ ചുറ്റിയടിക്കുമ്പോള്‍ താഴെ ,കിളിച്ചുണ്ടന്‍ മാവിന്റെ ചുവട്ടില്‍ നിന്നു കിട്ടിയതാണ്  വലിയ രണ്ട് വെള്ളാരം കൂണുകള്‍.മഴക്കാലമായാല്‍  ഇതു പതിവാണ്.  ചിലപ്പോള്‍ കൂടുതല്‍ ഉണ്ടാവും. അപ്പോള്‍ അമ്മ അത് കറിയാക്കും. ഇതുപോലെ ഒന്നുരണ്ടേ ഉള്ളു എങ്കില്‍ അത് എനിക്കു മാത്രമാണ്. ഞാന്‍ വീട്ടിലേക്കോടി .അടുക്കളപ്പുറത്തിരുന്ന് കറിക്കരിയുന്ന അമ്മക്കു മുന്നില്‍ ,വിടര്‍ന്ന രണ്ടു വെള്ളാരം കൂണുകള്‍ പ്രത്യക്ഷപ്പെട്ടു..!
“ ദ് എനിക്കു ചുട്ടു തര്വോ..?”
“നീ എവ്ടാരുന്നു ഇത്രനേരം..?”- കൂണിലേക്ക് നോക്കി അമ്മ ചോദിച്ചു.
“ കാളപൂട്ടണേടത്ത്..”
“കഴിയാറായോ..?”
“ ഇല്ലെന്നാ തോന്നണേ...”
കൂണുകള്‍ നീട്ടിപ്പിടിച്ചുകൊണ്ടു തന്നെ ഞാനുത്തരം നല്‍കി.
“ ഈ നേരോല്ലാത്ത നേരത്ത്..കൊണ്ടു വന്നിരിക്കണ്...!’ -
തെല്ലൊരമര്‍ഷത്തോടെ അമ്മ കൂണ്‍ വാങ്ങി,നിമിഷനേരത്തില്‍ ഒരുക്കിയെടുത്തു. ഞാന്‍ വടക്കേ തൊടിയിലേക്കു ഓടിയിറങ്ങി കൊഴിഞ്ഞു വീണ പഴുത്ത രണ്ടു പ്ലാവില എടുത്ത് കഴുകി വ്യത്തിയാക്കി വന്നു.ഉപ്പും മഞ്ഞളും പുരട്ടിയ കൂണ്‍ കഷണങ്ങള്‍ ആ പ്ലാവിലയില്‍ പൊതിഞ്ഞു കെട്ടി അമ്മ കത്തിക്കൊണ്ടിരുന്ന അടുപ്പിലെ കനലുകള്‍ക്കിടയില്‍ പ്പൂഴ്ത്തി..! പുറത്തേക്കിറങ്ങാന്‍ തുടങ്ങിയ അമ്മ, അടുപ്പിനരുകില്‍ത്തന്നെ നിലയുറപ്പിച്ച എന്നോടു പറഞ്ഞു.
“ എന്തിനാ നീയവിടെ നിന്നു പുക കൊള്ളണേ..അതു വെന്തു കഴീമ്പം ഞാന്‍ വന്നെടുത്തു തരാം..!”
“അടുത്താളില്ലെങ്കീ.. അതു കരിഞ്ഞു പോവൂല്ലേ..?”
വെറുതെ  അവിടെനിന്നെന്നോടു വാഗ്വാദം നടത്തിയിട്ടു കാര്യമില്ലെന്ന് അമ്മക്കു തോന്നിയിട്ടുണ്ടാവണം. പിന്നൊന്നും മിണ്ടാതെ പുറത്തേക്കിറങ്ങി തെക്കേ തൊടിയിലേക്കു പോയി. അടുപ്പിനു മേല്‍ മണ്‍കലത്തില്‍ അരി തിളച്ചു മറിയുന്നു. കൂണ്‍ വെന്തു കിട്ടാനും, അരി വേവാനും, വിറകിതു പോര എന്നെനിക്കു തോന്നി. അടുപ്പിന്‍ ചുവട്ടില്‍ നിന്നും വിറകു കമ്പുകള്‍ ഓരോന്നായി എടുത്ത് ഞാന്‍ അടുപ്പിനുള്ളിലേക്കു വച്ചു.ഇനിയും വയ്കാന്‍ അടുപ്പില്‍ ഇടം ഇല്ലാത്ത അവസ്ഥയില്‍ ആ പണി നിര്‍ത്തി,പുകയുന്ന അടുപ്പിലേക്ക് ശക്തിയായി ഊതിക്കൊണ്ടിരുന്നു. അടുക്കള മുഴുവന്‍ പുക കൊണ്ടു നിറഞ്ഞു. ഞാന്‍ എത്ര ശ്രമിച്ചിട്ടും പുകയുകയല്ലാതെ അടുപ്പ് കത്തിയില്ല.
                                      തെക്കേ തൊടിയില്‍ തഴച്ചു നിന്ന ചീര ഒരു പിടി പിഴുതെടുത്ത് വന്ന  അമ്മ, അടുക്കളയിലെ പുകയും, അതില്‍ നിന്നു വിയര്‍ക്കുന്ന എന്നേയും കണ്ട് പരിഭ്രമത്തോടെ ഓടിയെത്തി..!
“ നീയെന്തായീ ക്കാട്ടണേ..?”
അടുപ്പില്‍നിന്നും വിറകു കമ്പുകള്‍ ഒന്നൊന്നായി മാറ്റിക്കൊണ്ട് അമ്മ ദേഷ്യപ്പെട്ടു.
“ വെറകു വയ്ക്കാതെ ഇതെങ്ങന്യാ വേകുന്നേ..?”
കത്താന്‍ തുടങ്ങിയ അടുപ്പില്‍ നിന്നും ഇലപ്പൊതി വെളിയിലേക്കെടുത്തുകൊണ്ട് അമ്മ ശകാരിച്ചു.
“ എടാ കൊതിയാ..ഇതു വേകാന്‍ ഇത്രേം വെറകൊന്നും വേണ്ടാ..!”
ചെയ്തതു മഠയത്തരമെന്നറിഞ്ഞും എനിക്കു ദേഷ്യം വന്നു.
“ന്നെ കൊതിയാന്നു വിളിച്ചാലുണ്ടെല്ലോ...ഞാനച്ചനോടു പറയും..!”
“ നീ പോയിപ്പറയ്..”
എന്റെ ഭീഷണി ചിരിച്ചു തള്ളിക്കൊണ്ട് അമ്മ പുറത്തേക്കിറങ്ങി,പറിച്ചെടുത്ത ചീര കഴുകി വ്യത്തിയാക്കി.
ചൂടുമാറാത്ത ഇലപ്പൊതിയഴിച്ച് ഞാന്‍ വെന്ത കൂണ്‍ രുചിച്ചുകൊണ്ടിരുന്നു.
അമ്മ വീണ്ടും അടുക്കളയിലെത്തി. പാകമായ ചോറ് വാര്‍ത്ത് അടുപ്പില്‍ കറിക്കുള്ള വക വച്ചുതിരിയുമ്പോള്‍ മുന്നില്‍ എന്റെ ഇഷ്ട്ട വിഭവത്തില്‍ ഒരു പങ്കുമായി ഞാന്‍ കാത്തു നിന്നു.
“ ക്ക് വേണ്ടാ...നീ കഴിച്ചോള്..”
“ അങ്ങനിപ്പം വേണ്ടാ..!”
ഞാന്‍ നിര്‍ബന്ധ പൂര്‍വ്വം കൈനീട്ടി. അമ്മ കുനിഞ്ഞ് വിരലടക്കം വേദനിപ്പിക്കാതെ കടിച്ചെടുത്തു..!
“..ആ..വൂ‍...!”- വല്ലാത്ത വേദന നടിച്ച് ഞാന്‍ കൈ വലിച്ച് അമ്മയുടെ മുണ്ടിന്‍  തലപ്പില്‍ തുടച്ച് മുറ്റത്തേക്കിറങ്ങി.
                                  പടിഞ്ഞാറേ മുറ്റത്തെ കടുപ്പമില്ലാത്ത പാറയിടുക്കില്‍ നിന്നും മഴക്കാലത്ത് നീരുറവ പതിവാണ്. അത് തെല്ല് വടക്കോട്ടൊഴുകി കിഴക്കോട്ടു തിരിഞ്ഞ് കിണറിനു സമീപം കയ്യാലയില്‍ നിന്നും താഴേക്ക് പതിക്കുന്ന ഒരുചെറു വെള്ളച്ചാട്ടമായിമാറിയിരിക്കുന്നു. അവിടെ ഒരു തടയണ കെട്ടി,പപ്പായക്കുഴലിലൂടെ വെള്ളം താഴേക്ക് ചാടിച്ച്, ആ നീര്‍ച്ചാട്ടാത്തില്‍ വാഴയിലത്തണ്ടു കൊണ്ടുണ്ടാക്കിയ ഇലച്ചക്രം ഉറപ്പിച്ചാല്‍, വെള്ളം വറ്റുന്നതു വരെ അത് കറങ്ങിക്കൊണ്ടേയിരിക്കും...! താഴെ കാളകളുടെ മണികിലുക്കം വീണ്ടും കാതിലെത്തി. ഉച്ചയാകാറായെങ്കിലും വെയിലിനിയും തെളിഞ്ഞിട്ടില്ല. അമ്മ അടുക്കളപ്പുറത്തിരുന്ന് ചീരയൊരുക്കുന്നു. കിളച്ചുമറിച്ച പറമ്പില്‍നിന്നും ഇളകിയ മണ്ണെടുത്ത് ഞാന്‍ തടയണ പണി ആരംഭിച്ചു.
“ മണ്ണിലെറങ്ങിക്കളിച്ചാല്..വളംകടിക്കൂട്ടോ..”
                   അടുപ്പിലെ തീയ് കൂട്ടിവച്ച് തിരികെയെത്തി അമ്മ ഓര്‍മ്മിപ്പിച്ചു . അണക്കെട്ടിലെ വെള്ളത്തില്‍ കൈ കഴുകി നിവരുമ്പോള്‍ താഴെ നിന്ന് അച്ഛന്റെ വിളി കേട്ടു.
അമ്മയെ വിളിച്ചതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
ക്ഷണ നേരത്തില്‍ അമ്മ കിഴക്കേ മുറ്റത്തെത്തി അച്ഛനു വേണ്ടി കാതോര്‍ത്തു.
“ കാളയെ കെട്ട്ണ കയറ് താ...!”
തൊഴുത്തിന്റെ പിന്നാമ്പുറത്തു നിന്നും കയറുമായി അമ്മയെത്തിയപ്പോള്‍ ഞാന്‍ വഴിതടഞ്ഞു.
“..ഞാന്‍ പോയിക്കൊടുക്കാം...”
“ വേണ്ട..അച്ഛന്‍ വഴക്കു പറേം...”
അച്ഛന്റെ മുന്‍കോപം നന്നായറിയുന്ന  അമ്മയുടെ വാക്കുക്കള്‍ ഞാന്‍ ചെവിക്കൊണ്ടില്ല.
“ പറ്റൂലാ..ഞാന്‍  കൊടുക്കാം..”
അമ്മയുടെ എതിര്‍പ്പ് എന്റെ പ്രതീക്ഷ കെടുത്തിയപ്പോള്‍ കരയാനല്ലാതെ  മറ്റൊന്നും എനിക്കു തോന്നിയില്ല..! ഉഴവു കണ്ടത്തിനു മുകളിലെ കയ്യാലപ്പുറത്ത്  അമ്മയുടെ കയ്യിലെ കയറില്‍ പിടുത്തമിട്ട്  ഉറക്കെ കരഞ്ഞു കൊണ്ട് ഞാന്‍ നിന്നു.
“ബാ..!”
അച്ഛന്‍ കാളകള്‍ക്ക് എന്തോ സംജ്ഞ നല്‍കി. അവ നടത്തം നിര്‍ത്തി..! കലപ്പക്കു പിന്നില്‍ ചളിയില്‍ വടി കുത്തി നിര്‍ത്തി, അച്ഛന്‍ അരികിലേക്കെത്തി. എന്റെ സങ്കടത്തിന് അച്ഛന്‍ പരിഹാരമുണ്ടാക്കുമെന്ന് സംശയലേശമന്യേ ഞാനാശിച്ചു. അമ്മയുടെ കയ്യില്‍ നിന്നും കയര്‍ വാങ്ങി,അച്ഛന്‍ എന്റെ കയ്യില്‍ തരുന്നു..ഞാന്‍ അത് സന്തോഷത്തോടെ അച്ഛന് കൊടുക്കുന്നു. തീര്‍ന്നു..! അതോടെ എന്റെ രോദനം അവസാനിക്കുന്നതും കണ്ണീരൊഴുകിയ മുഖത്ത് ചിരി വിരിയുന്നതുമെല്ലാം മനസ്സില്‍ക്കണ്ട് പ്രതീക്ഷയോടെ ഞാനച്ഛനെ നോക്കി.
“ എന്തിനാടാ കരയ് ണേ...?”
അമ്മയുടെ കയ്യില്‍ ‍നിന്നും കയര്‍ വാങ്ങി അച്ഛന്‍ ചോദിച്ചു
മറുപടിയൊന്നും പറയാതെ ഞാന്‍ കരച്ചിലിന് ആക്കം കൂട്ടി.
ഒരുനിമിഷം..!
അച്ഛന്റെ മുഖം കോപം കൊണ്ട് വലിഞ്ഞു മുറുകുന്നത് ഞാന്‍ കണ്ടു.വെറ്റില മുറുക്കിച്ചുവന്ന നാക്ക്  കടിച്ചുപിടിച്ച്, കയ്യിലിരുന്ന കയര്‍ എന്റെ നേരേആഞ്ഞു വീശിക്കൊണ്ട് ഒരലര്‍ച്ചയായിരുന്നു..
“ ന്തിനാ..കരയ് ണേ..ന്ന്..?”
അപ്രതീക്ഷിതമായ ആഭാവമാറ്റത്തില്‍ ഞാന്‍ ഞെട്ടിത്തെറിച്ച അതേ നിമിഷം വല്ലാത്ത ഒരുസീല്‍ക്കാരത്തോടെ ആ കയറിഴകളത്രയും ഉന്നം തെറ്റാതെ എന്റെ ഇടതു കാലില്‍ പതിച്ചു..!
“യ്യോ..!”
            അടുത്ത അലര്‍ച്ച എന്റേതായിരുന്നു. വേദന കോണ്ടു പുളഞ്ഞ് ഇനിയും തുറക്കാനാവാത്തവണ്ണം വായ് തുറന്ന് ഞാനലറിക്കരഞ്ഞു. ക്രമംതെറ്റിയ കയറിഴകള്‍ വീണ്ടും ചേര്‍ത്തു പിടിച്ച് അച്ഛന്‍ വീണ്ടും എന്റെ നേരേ ആഞ്ഞു വീശി..!
“..ന്തിനാ..കരേണേ...ന്ന്...??”
അതേനിമിഷം ഞാന്‍ മേലേക്കുയര്‍ന്ന് അമ്മയുടെ പിന്നിലേക്കെറിയപ്പെട്ടു..! കയ്യില്‍ ത്തൂക്കി ദൂരേക്കു നീക്കുകയായിരുന്നു എന്നെ അമ്മ..!
ലക്ഷ്യം തെറ്റി അടികൊണ്ടത് അമ്മയുടെ കാലില്‍..!
“ഓ....!”
അടക്കിയ ഒരു മുരള്‍ച്ച അമ്മയില്‍നിന്നുണ്ടായി. ഞാന്‍ പിന്നില്‍ നിലത്തിരുന്നു പുളയുകയാണ്. കാളകള്‍ രണ്ടും ചെവിയോര്‍ത്തുനിന്നു. അടങ്ങാത്ത ദേഷ്യത്തില്‍ ചളിയില്‍ ചവുട്ടിമെതിച്ച് ശബ്ദമുണ്ടാക്കി അച്ഛന്‍ കാളകളുടെയടുത്തേക്ക് കുതിച്ചു. വിരണ്ടു പോയ അവ അച്ഛനടുത്തെത്തും മുമ്പേ മുന്നോട്ടു നീങ്ങിത്തുടങ്ങിയിരുന്നു.
മണ്ണില്‍ ചുരുണ്ടു കൂടി വായ് പിളര്‍ന്നു കരയുന്ന എന്നെ എടുത്തുയര്‍ത്തി അമ്മ വീട്ടിലേക്കു പോവുമ്പോള്‍ താഴെ ,കാളകളുടെ മേല്‍ കാട്ടുവള്ളിചുറ്റിയ വടി ആഞ്ഞു പതിക്കുന്ന ശബ്ദം കേട്ടു..!
                               കയര്‍ പാകിയ, അച്ഛന്റെ കട്ടിലില്‍ പാതി വിരിച്ച തഴപ്പായയില്‍ കണ്ണടച്ച്  ചുരുണ്ട് കിടക്കുമ്പോള്‍ തേങ്ങല്‍ ഒട്ടൊന്നൊതുങ്ങിയിരുന്നെങ്കിലും നിശ്ശേഷം നിയന്ത്രിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. ഇടത്തേ കാല്‍മുട്ടിനു താഴെ നീറുന്ന തിണര്‍പ്പിനു മീതെ വിരലോടിച്ച് വിതുമ്പല്‍ അമര്‍ത്താന്‍ ശ്രമിച്ചു ഞാന്‍ കിടക്കുമ്പോള്‍ മനസ്സില്‍ത്തങ്ങിയ സംശയം ഒന്നു മാത്രം. ഈവിധം തിണര്‍പ്പുണ്ടാകാന്‍ മാത്രം എന്തപരാധമാണ് ഞാന്‍ ചെയ്തത്..?
ചിലനേരങ്ങളില്‍ എന്നെ മടിയിലിരുത്തി പാട്ടു പാടിക്കൊഞ്ചിക്കുന്ന അച്ഛന്‍..രാത്രിയില്‍ കാത്തുകാത്തിരുന്ന് ഉറക്കം പിടിച്ചാ‍ലും വിളിച്ചുണത്തി മിഠായിപ്പൊതി സമ്മാനിക്കുന്ന അച്ഛന്‍..!
എന്തിനാണ്...എന്തിനാണിങ്ങനെയെന്നെ...?. കണ്‍ തടങ്ങളില്‍ തടയണ പണിയാന്‍ എനിക്കായില്ല. അവ നിറഞ്ഞു കവിഞ്ഞ് കവിളിലൂടൊഴുകിയിറങ്ങി.
                                          മുറ്റത്തുനിന്ന് ഒരു കാല്‍ പെരുമാറ്റം അടുത്തുവരുന്നത് എപ്പോഴോ ഞാനറിഞ്ഞു. മന:പ്പൂര്‍വ്വം കണ്ണുകളടച്ച് അനങ്ങാതെ കിടന്നു. അടുത്തുവന്ന പദസ്വനം എന്റെ സമീപം നിശ്ചലമായി. അടഞ്ഞ കണ്ണുകള്‍ക്കു മുന്നിലും അച്ഛന്റെ സാമീപ്യം ഞാന്‍ തിരിച്ചറിഞ്ഞു..! ആ കൈകള്‍ നീണ്ടുവന്ന് എന്റെ കാലിലെ തിണര്‍പ്പില്‍ തലോടി ആശ്വസിപ്പിക്കുന്നതും ആ വിരല്‍ സ്പര്‍ശത്തില്‍ എന്റെ സങ്കടമത്രയും ഉരുകിയൊഴുകി മുറ്റത്തെ ചെറുനീര്‍ച്ചാലില്‍  ലയിച്ചില്ലാതാവുന്നതും  കാത്തു കാത്തുഞാന്‍ കിടക്കുമ്പോള്‍..എവിടെനിന്നോ ഒരു ചുടു നീര്‍ത്തുള്ളി എന്റെ മേല്‍ പതിച്ചു..!
അടക്കിയ ഒരു തേങ്ങല്‍...!
ഒരു നിശ്വാസം..!
ഞാന്‍ കണ്ണു തുറക്കാതെ വീണ്ടും പ്രതീക്ഷയോടെ കിടന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ആ കാലൊച്ച അകന്നു പോകുന്നതു ഞാനറിഞ്ഞു. വിയര്‍പ്പിന്റേയും ചേറിന്റേയും നേരിയ ഒരു ഗന്ധം മാത്രം മുറിയില്‍ തങ്ങിനിന്നു.പിന്നെ അതും ഇല്ലാതായി...!വലിയകീഴ്ച്ചുണ്ട് മുന്നോട്ടു മലര്‍ത്തി ഞാന്‍ വീണ്ടും വിതുമ്പി..കണ്ണുതുറന്നു ചുറ്റും നോക്കി. ഇല്ല അച്ഛന്‍ അവിടെയെങ്ങുമില്ല..! അച്ഛന്റെ സാമീപ്യത്തില്‍ ഇടതു കൈത്തണ്ടയില്‍ വീണ  നീര്‍ക്കണം ചിതറാതെ തുളുമ്പിനില്‍ക്കുന്നത് ഞാന്‍ കണ്ടു. ആ ജലബിന്ദു നെഞ്ചോടു ചേര്‍ത്തപ്പോള്‍ എന്റെ ശബ്ദം വല്ലാതെ പതറിപ്പോയി.
“..ന്തിനാ...ന്തിനാ..എന്നെ തല്ലിയത്...?”
ശോഷിച്ച നെഞ്ചിന്‍ കൂട്ടിലെ പുകയുന്ന നെരിപ്പോടില്‍ എരിയുന്ന തീയുടെ ചൂടില്‍ ആ നീര്‍ത്തുള്ളി ലയിച്ചില്ലാതായെങ്കിലും,കൈ  നെഞ്ചോടു ചേര്‍ത്തു പിടിച്ച്, വീണ്ടുംവീണ്ടും ഞാന്‍ തേങ്ങി...
“..ന്തിനാ..ന്തിനാ..എന്നെത്തല്ലിയത്..?”
തുറന്നുകിടന്ന ജാലകപ്പാളികള്‍ തെല്ലൊന്നുലച്ചു കൊണ്ട് ഒരു തണുത്ത കാറ്റ് അകത്തേക്കു വീശി. അത്  എന്റെ കാലിലെ നീറുന്ന തിണര്‍പ്പില്‍ തലോടിക്കൊണ്ട് മലര്‍ക്കെ തുറന്നുകിടന്ന കിഴക്കേ വാതിലിലൂടെപുറത്തേക്കൊഴുകി.ഒന്നല്ല രണ്ടല്ല..പലതവണ..!!
പുറത്ത് കിണറ്റുകരയില്‍ മണ്ണുകൊണ്ട് ഞാന്‍ തീര്‍ത്ത തടയണ നിറഞ്ഞു കവിഞ്ഞ് താഴേക്കൊഴുകാന്‍ തുടങ്ങിയിരുന്നു..!
                                                        *
വാല്‍ക്കഷണം:   പിന്നീടൊരിക്കലും ദുശ്ശാഠ്യം പിടിച്ച് കരഞ്ഞ് കാര്യം സാധിക്കാന്‍ ഞാന്‍ തുനിഞ്ഞിട്ടില്ല...!




ബുധനാഴ്‌ച, ഒക്‌ടോബർ 05, 2011

ഒറ്റമൂലി

               പത്തു പതിനേഴു കോല്‍ താഴ്ച്ചയുള്ള കിണറിന്റെ  അരമതിലില്‍ പാതിചാരിനിന്ന്  വെള്ളം കോരി, വക്കും പക്കും ചളുങ്ങിയ അലുമിനിയക്കുടത്തിലേക്ക്  നീട്ടി ഒഴിച്ചുകൊണ്ട്, പാതിയില്‍ നിര്‍ത്തിയ വാചകം സുലോചന എന്ന സുലു മുഴുമിപ്പിച്ചു.
“ദേ..ഇതുപോലെയാ ഇന്നലെ അങ്ങേര് വാളുവച്ചത്..!”
ബക്കറ്റില്‍ നിന്നും കുടത്തിലേക്കുള്ള വെള്ളച്ചാട്ടത്തെ  തന്റെ കണവന്റെ  ‘വാളി‘നോട് ഉപമിച്ച  ആ കാവ്യ ഭാവനയെ നോക്കി എന്റെ പൊണ്ടാട്ടി ചോദിച്ചു.
“ഓഹോ..അപ്പോ ഇന്നലേം ഫിറ്റാരുന്നോ..?”
“എന്നാ ഫിറ്റല്ലാത്തത്..?”
തികഞ്ഞ നീരസത്തോടെ സുലു മറുചോദ്യമെറിഞ്ഞു.
                              അയല്‍പക്കത്തെ അമ്മിണിചേച്ചി , തോട്ടിയില്‍ അരിവാള്‍ വച്ചുകെട്ടി എടുത്തു പൊക്കി കഷ്ടപ്പെട്ട് ഉന്നം പിടിച്ച് ഞെട്ടില്‍ കൊളുത്തി ചെത്തിവലിച്ചുചാടിച്ച്, ഉച്ചയോടെ  ഹോം ഡെലിവറി നല്‍കിയ  വലിയ വരിക്കച്ചക്ക വെട്ടിമുറിച്ച്  എരിശ്ശേരിപ്പരുവത്തില്‍ തുരു തുരാ അരിഞ്ഞു കൂട്ടുന്ന തിരക്കിലാണ് എന്റെ മണൈവി..!
കിണറിനരികില്‍നിന്നും നീങ്ങി, സുലു വരിക്കച്ചക്ക മിഷനില്‍ പങ്കു ചേര്‍ന്നു.
“ഒരു ദെവസോങ്കിലും..ഒന്നു പോതത്തോടെ കണ്ടാ മതിയാരുന്നു..!”
“പീക്കിരിയാണെങ്കിലും രണ്ട് പെങ്കൊച്ചുങ്ങളാ . അതെങ്കിലുംഒന്നോര്‍ക്കാന്‍ മേലേ അങ്ങേര്‍ക്ക്..”
മനസ്സറിയാതെ പുറത്തേക്കു ചാടുന്ന പരിഭവങ്ങള്‍ കേട്ട് എന്റെ ഇടതുഭാഗത്തിന്റെ ഭൂരിഭാഗം വോള്‍ട്ടേജും ചോര്‍ന്നു..!
“ഒക്കെ ശര്യാകും ചേച്ചീ..!സമാധാനായിട്ടിരിക്ക്..!”
ഒരാശ്വാസ വാക്കു പറയാന്‍ പറ്റിയല്ലോ...എന്ന  ആത്മവിശ്വാസത്തില്‍ ലവള് സുലുവിനെ നോക്കി.
“എവ്ടെ ശരിയാകാനാ എന്റെ അനീ .. ഞാന്‍ പോവാത്ത അമ്പലമില്ല,
പള്ളിയില്ല..ചെയ്യാത്ത മരുന്നില്ല..വഴിപാടില്ല.എങ്ങനെ ശര്യാവൂന്നാ നീ പറയ് ണെ..?”
ലവള് പരുങ്ങി .  ‘ശ്ശൊ വേണ്ടായിരുന്നു’  എന്ന് മനസ്സിലോര്‍ത്തുകൊണ്ട്  
ഒലിച്ചിറങ്ങിയ ചക്കയരക്ക് ,ഒരു ചിരട്ടയുടെ മൂട്ടിലേക്ക് ആവാഹിച്ചു..!
“ ഒരിക്കല്  ധ്യാനത്തിനു പോയതല്ലാരുന്നോ..?”
“ ഉം..അതും പരീക്ഷിച്ചതാ, തുണ്ട്പറമ്പിലെ മോനച്ചന്‍ കുടിനിര്‍ത്തീത് അവ്ടെപ്പോയിട്ടായിരുന്ന്. അതു കൊണ്ട് അവന്റെ കൂടെ പറഞ്ഞ് വിട്ടു. നാലാം ദെവസം രണ്ടാളും തിരിച്ചുവന്നു..എന്റെ കെട്ട്യോന്‍ ആടിയാടി രണ്ട് കാലേല്..!
കൊണ്ടുപോയവന്‍ മൂക്കും കുത്തി നാലു കാലേല്..!
അതോടെ ത്യാനം മതിയാക്കി..!!”
പുറം കൈകൊണ്ട് മൂക്കു തുടച്ചു വലിച്ചുകൊണ്ട്  സുലു തുടര്‍ന്നു.
“മൂന്നു വീട് അപ്രത്ത്ന്ന് ഞാനിവ്ടെ വരണ്ട കാര്യമൊണ്ടോ.. അവ്ടെ കെണറ് വറ്റീട്ട് ഒരാഴ്ച കഴിഞ്ഞു. ആ കെണറൊന്നു നന്നാക്കി ത്തന്നാല്  ഞാനീ വെള്ളം ചുമക്കണോ..!”
പറഞ്ഞാലും പറഞ്ഞാലും തീരാത്ത പരിദേവനങ്ങളിലൂടെ സുലു  വീണ്ടും മുന്നോട്ട്.
“എനിക്കു വയ്യ അനീ.. ശര്‍ദിക്കുമ്പം പുറം തിരുമ്മാനും..അല്ലാത്തപ്പോ അകംതിരുമ്മാനുമായിട്ടൊരു ജീവിതം..എനിക്കു മടുത്തു..! ഹെന്റെ  പിള്ളേരെയോര്‍ത്തിട്ടാ.. അല്ലങ്കില്...ഞാന്‍......”
മുഴുവന്‍ പറയാനാവാതെ  സുലു നിര്‍ത്തി.
      “ചേച്ചി വേണ്ടാത്തതൊക്കെ ആലോചിച്ച്  മനസ്സു വിഷമിക്കാതെ..എന്തേലുമൊരു വഴി ദൈവം കാട്ടിത്തരും..!”
വലിയ തത്വജ്ഞാനിയുടെ ഭാവത്തില്‍  ഭാര്യ അവരെ  ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
തൊണ്ടയില്‍ കുരുങ്ങിയ ഗദ്ഗദത്തിന്റെ കുരുക്കഴിക്കാനെന്ന വണ്ണം  കയ്യിലിരുന്ന മൂന്നാലു ചക്കച്ചുളകള്‍   ഓരോന്നായി സുലുവിന്റെ വായിലേക്ക് കയറി അന്നനാളം വഴി ആമാശയം ലക്ഷ്യമാക്കി ചീറിപ്പാഞ്ഞു..! അതില്‍  ശേഷിച്ച നാല് ചക്കക്കുരു  ലക്ഷ്യം തെറ്റാതെ അടുത്തിരുന്ന  പാത്രത്തിലേക്ക് അവര്‍ നീട്ടിയെറിഞ്ഞു.
റിഫ്രെഷ്  ചെയ്തെടുത്ത തൊണ്ടയില്‍ നിന്ന് സുലുവിന്റെ ശബ്ദം വീണ്ടും....
  “ എങ്ങനേലും അങ്ങേരുടെ  ഈ നശിച്ച കുടി നിര്‍ത്താതെ ഞങ്ങള്‍ക്ക്  ഗതിയുണ്ടാവൂല്ല..! “
               കിണറിനുമപ്പുറം ഇടവഴിയിലൂടെ  മുതുകില്‍ സഞ്ചിയും  തൂക്കി പള്ളിക്കൂടം പിള്ളേര്  നടന്നകലുന്നതു കണ്ട സുലു എല്ലാ പൊതു പരിപാടികളും തല്‍ക്കാലത്തേക്കു നിര്‍ത്തിവച്ച് ചാടിയെഴുന്നേറ്റു.
“ യ്യോ ..നാലുമണി വിട്ടു..! പിള്ളേരിപ്പം എത്തും.. ഞാന്‍ പോവ്വാട്ടൊ..”
മറുപടിക്കൊന്നും കാത്തുനില്‍ക്കാതെ സുലു വേഗം കുടം എടുത്ത്  എളിയില്‍ വച്ചു. പിന്നെ  കണ്വാശ്രമത്തിലെ ശകുന്തള കുമാരിയുടെ സ്റ്റൈലില്‍ മുന്നോട്ടു നടന്നു.  കോസ്റ്റൂമും , മേക്കപ്പും ഇട്ടാല്‍  ഒരൊന്നൊന്നര ശകുന്തള..!
കാലില്‍ ദര്‍ഭമുന കൊണ്ടെന്നു തോന്നുന്നു, ശകുന്തള പെട്ടെന്നു തിരിഞ്ഞു നിന്നു.
“ ഞാനിവിടെ വന്ന്  ഇതൊക്കെ പ്പറഞ്ഞെന്ന് അങ്ങേരറിയല്ലേ...പിന്നെ അതു മതി....!”
ബാക്കി ഭാഗങ്ങള്‍ ഭാവനയില്‍ ക്കാണാന്‍ എന്റെ ഭാര്യക്ക് അവസരം നല്‍കിക്കൊണ്ട്  ശകുന്തള  ആശ്രമത്തിലേക്കു പോയി..!
                     അത്താഴത്തിന്  മേശമേല്‍ പതിവില്ലാത്ത വിഭവംകണ്ട് അപ്പൂസ് ചോദിച്ചു.
“ ഇതാണോ അമ്മേ ചെറുശേരി..?”
“ ചെറുശ്ശേരിയല്ലാ അപ്പൂ.. എരിശ്ശേരി..!എത്ര തവണ പറഞ്ഞതാ  നീ മറന്നോ..? “
അവന്‍ ചക്കയെരിശ്ശേരിയെപ്പറ്റി നന്നായി മനസ്സിലാക്കട്ടെ എന്നു കരുതി 
ഞാന്‍ ഇടപെട്ടു.
“ അതായത്,  അപ്പൂ......നല്ലവണ്ണം  മൂക്കാത്ത വരിക്കച്ചക്ക.............“
“ അവന്  വേറേ എന്തെല്ലാം പഠിക്കാനുണ്ട് ..! അതിനിടേലാ ഏട്ടന്റെ ഒരെരിശ്ശേരി......! “
ദുഷ്ട ….!  അവളെന്റെ  കുക്കറി ഷോ ഓഫ് ചെയ്തു.
പിന്നെ അകത്തെ മുറിയില്‍ ഉറങ്ങുന്ന അമ്മുവിനെ ഒന്ന് നിരീക്ഷിച്ച് തിരികെയെത്തി.
“ഞാന്‍ നേരത്തേ പറഞ്ഞില്ലേ.. സുലുവേച്ചീടെ കാര്യം..? ആ ചേട്ടന്റെ കുടി നിര്‍ത്തിയില്ലെങ്കില്‍...വല്ലാത്ത കഷ്ടം തന്ന്യാ..!”
“ അതിനിപ്പം നമ്മളെന്തു ചെയ്യാനാ..? അത് അങ്ങേര് തന്നെ വിചാരിക്കണ്ടേ....?“
“ കുടി നിര്‍ത്താനുള്ള മരുന്നുകളുണ്ടെല്ലോ ,അല്ലെങ്കില്‍ ഹോസ്പിറ്റല്‍, ഡി എഡിക്ഷന്‍ സെന്റര്‍..എവ്ടേങ്കിലും പോകാന്‍ അയാളോടൊന്നു പറയണം.. ഏട്ടന്‍ പറഞ്ഞാല്‍ അയാള്‍ കേള്‍ക്കും...”
“ ഓക്കേ ..ഞാനൊന്നു ശ്രമിച്ചു നോക്കാം..!” ഞാനവള്‍ക്കുറപ്പു നല്‍കി.
“ കുടി നിര്‍ത്താനെന്തിനാ ആശൂത്രീല്‍ പോണത്..?”- അപ്പുവിനു സംശയം.
“അല്ലാതെ ആ ചേട്ടനെങ്ങും നിര്‍ത്തില്ല മോനേ..”
അവളുടെ മറുപടി.
“അതിന്  ചെന്യായകം  പോരേ..?”
ദൈവമേ...!രണ്ടാം ക്ലാസ്സുകാരന്റെ സിലബസ്സില്‍ ഇപ്പോ ഇതും ചേര്‍ത്തോ എന്ന് ഞാന്‍ ശങ്കിച്ചു..!
“അമ്മൂന്റെ കുടി നിര്‍ത്താന്‍ ചെന്യായകം മതീന്ന്‍ അമ്മിണിയാന്റി പറഞ്ഞില്ലാരുന്നോ..?“
അപ്പു രണ്ടും കല്‍പ്പിച്ചല്ല, നാലും കല്‍പ്പിച്ചാണ്...!
അവള്‍ ചിരിയടക്കി എന്റെ നേരേ കണ്ണെറിഞ്ഞു . 
ഞാനൊന്നും കേട്ടിട്ടേയില്ല ,  അവള്‍തന്നെ മറുപടി കൊടുക്കട്ടെ എന്നു കരുതി,  ആ തക്കത്തിന്  രണ്ടു മൂന്നു  സ്പൂണ്‍ എരിശ്ശേരി കൂടി വായ്ക്കകത്താക്കി.
“  അയ്യേ ..അമ്മു കുഞ്ഞുകുട്ട്യല്ലേ ….അതു കൊണ്ടൊന്നും വല്യ ആള്‍ക്കാരുടെ കുടി നിര്‍ത്താനൊക്കൂല്ല...!”
‘ഹും..!ഇതൊക്കെ വളരെ വിദഗ് ദമായി ഞാന്‍ സോള്‍വ് ചെയ്തതു കണ്ടോ ‘ എന്ന ഭാവം അവള്‍ക്ക്..!
കയ്യിലിരുന്ന സ്പൂണ്‍ പാത്രത്തില്‍ വച്ച്  അവന്‍  എന്റെ നേരേ തിരിഞ്ഞു.
“കണ്ടൊ അച്ചാ ഈ അമ്മ നൊണ പറേണത്..?“
ഡാഡീം, മമ്മീം  പരസ്പരം നോക്കി ,
“അമ്മ അച്ചനോട് പറേണത് ഞാന്‍ കേട്ടതാ....”
“ എന്ത്..?’
“അമ്മൂനെ പറ്റിച്ചപോലെ നിങ്ങളേം ഞാന്‍ പറ്റിക്കൂന്ന്...!”
വെളിയിലേക്കുവന്ന പൊട്ടിച്ചിരി മനപ്പൂര്‍വ്വം തടുത്തു നിര്‍ത്താന്‍ നോക്കി.. അതോടെ വായിലുണ്ടായിരുന്ന എരിശ്ശേരി റൂട്ടു മാറിയോടി മൂക്കിലൂടെ പുറത്തുവന്നു...!
“എന്റമ്മച്ചീ...! എന്ത് എരിവ്...!”
ചിരിയും ചുമയും കൂടിക്കലര്‍ന്നു..കണ്ണു നിറഞ്ഞൊഴുകി . ഒരുവിധം എഴുന്നേറ്റ് പുറത്തേക്കു പോകുമ്പോള്‍   അപ്പു  സംശയത്തോടെ വീണ്ടും പറയുന്നതു കേട്ടു.
“ ങേ..അപ്പോ അച്ചനും കുടി നിര്‍ത്തീല്ലേ..??”
                                                                              *   

വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

ഓണം സ്പെഷ്യല്‍

             ല്യാണം കഴിഞ്ഞ് ആദ്യ ഓണം ആഘോഷമായിക്കൊണ്ടാടാന്‍ ആറ്റുനോറ്റ് അച്ചിവീട്ടിലെത്തി. പാണ്ടിമേളം, പഞ്ചവാദ്യം,നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍. മുതലായ ‘പരമ്പര ഗതാഗത ‘എതിരേല്‍പ്പ് ചേരുവകള്‍ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടായേക്കുമെന്ന് കരുതിയാവണം അവ മനപ്പൂര്‍വം ഒഴിവാക്കിക്കൊണ്ടുള്ള സ്വീകരണമാണ്  ഞങ്ങള്‍ക്ക് ലഭിച്ചത്..അനിയത്തിപ്പെണ്ണും, അളിയന്‍ ചെക്കനും പ്രധാനികളായ ആഘോഷക്കമ്മറ്റിയംഗങ്ങള്‍ മുറ്റത്തേക്കെത്തി അകത്തേക്കാനയിച്ച് ഒരുക്കങ്ങളുടെ തിരക്കിലായിരുന്ന  അമ്മയുടെ മുന്നിലെത്തിച്ചു..! അമ്മയെക്കണ്ടപാടേ..എന്റെ കയ്യീന്നു കെട്ടും പൊട്ടിച്ച് വാമഭാഗം ഒറ്റ ഓട്ടം..
“അമ്മേ...!”
                കൂട്ടം തെറ്റിയ പശുക്കുട്ടി തള്ളയെക്കണ്ടമാത്രയില്‍  ഓടിയടുക്കുമ്പോലെ ലവള് അമ്മയുടെ അടുത്തേക്കു ചേര്‍ന്ന് ഉരുമ്മിനിന്നു..!.എന്തോ ഭാഗ്യത്തിന് തള്ളപ്പശു  ചെയ്യുമ്പോലെ  അമ്മ നക്കി ത്തുടച്ചില്ല അത്രമാത്രം..!
“ന്റെ മോള് ക്ഷീണിച്ചു പോയല്ലോ..!”
ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു കോണ്ട് അമ്മ സംസാരിച്ചുതുടങ്ങി..!
ആദ്യത്തെ  വാക്കിനു ശേഷം മോളുടെ ശരീരഭാഗങ്ങള്‍ എന്‍ലാര്‍ജ് ചെയ്ത് വിശദ മായ നിരീക്ഷണങ്ങള്‍ നടത്തക്കൊണ്ട്  അമ്മ എന്റെനേരേയൊരു നോട്ടം...
“ ഹും...! .എന്റെ കുഞ്ഞിനെ  നീ......!” - എന്ന് മമ്മി,പറയാതെ പറഞ്ഞില്ലേ എന്ന് എനിക്കുതോന്നി.
“ഉം... ശര്യാ..! കൊറച്ചു കറുത്തും പോയി..!” -
അടുത്ത കമ്മറ്റിയംഗം. അനിയത്തിക്കാന്താരി..!
“ഇവള്‍ക്കൊന്നും വേറേ ഒരു പണിയുമില്ലേ “- എന്ന എന്റെ ആത്മ ഗതം ആരുകേള്‍ക്കാന്‍..!
ഞാന്‍ പതിയെ ഉമ്മറത്തേക്കെത്തി.
                          മുറ്റത്ത് ഓണത്തപ്പനെ വരവേറ്റതിന്റെ ലക്ഷണങ്ങള്‍.  
കളിമണ്ണില്‍തീര്‍ത്ത ഓണത്തപ്പനും ത്യക്കാക്കരയപ്പനും പിന്നെ  എനിക്കു പരിചയമില്ലാത്ത ഏതൊക്കെയോ അപ്പന്മാരുമുണ്ട് . അരിനൂറ് വിതറി തുമ്പച്ചെടികൊണ്ട് മൂടി, ഒരു പഴയ ഓലക്കുടയുടെ പശ്ചാത്തലത്തില്‍,  എല്ലാം നല്ല ചിട്ടയോടെ..
  വിതരണം ചെയ്ത ഓണക്കോടികളുടെ ചുവട് പിടിച്ച് അകത്ത്  ചര്‍ച്ച നടക്കുന്നു.
“ എന്തിനാ നീ അവനേക്കൊണ്ട് ഈ കാശെല്ലാം മുടക്കിച്ചെ..?”
മകള്‍ ക്ഷീണിച്ച സങ്കടം മാറ്റി ആ സ്ഥാനത്ത് അമ്മ പുതിയ സങ്കടം വച്ചു പിടിപ്പിച്ചു..!
“ ഹൊ..!മേക്കരേലെ റാണീടെ പോലത്തെ ചുരിദാറ്..എനിക്കീ കളറങ്ങിഷ്ട്ടായി..!”- കിട്ടിയ ചുരിദാറ് നെഞ്ചോടു ചേര്‍ത്ത്  അനിയത്തിക്കുട്ടി.
ഹും..! ഞാനല്ലേ ഇതെല്ലാം സെലക്റ്റ് ചെയ്ത് വാങ്ങിച്ചത് ..എന്ന ഗമയില്‍ ലവള് അകത്ത് ഷൈന്‍ ചെയ്യുന്നു.
അടുക്കളയില്‍ നിന്നും ഓണസദ്യയുടെ  സുഗന്ധം..!
എന്നാല്‍ ആ വഴിക്കാവാമെന്നുകരുതി പതിയെ അടുക്കളയിലേക്കു കയറി. ചെറുതും വലുതുമായ പാത്രങ്ങളില്‍ വിഭവങ്ങള്‍ മൂടിവച്ചിരിക്കുന്നു. ഓരോന്നായി പരിശോധിച്ചു. പച്ചടി, കിച്ചടി,പുളിയിഞ്ചി,നാരങ്ങാ മാങ്ങാ, അവിയല്‍.... അങ്ങനെ ഓരോന്നും നോക്കി..!
മണത്തില്‍ത്തന്നെ ഗംഭീരമെന്ന് വിലയിരുത്തി.
പുറകില്‍ ഒരുകാലൊച്ച..!
ആടയാഭരണങ്ങള്‍ അഴിച്ചുവച്ച്, വീട്ടിലെ യൂണിഫോമായ നീല നൈറ്റിയില്‍ പൊണ്ടാട്ടി മുന്നില്‍..!
പിന്നീട്  ഞങ്ങള്‍ ഒരുമിച്ചായി ഇന്‍ സ്പെക്ഷന്‍..!
                           അടുക്കളയുടെ മൂലയില്‍ ഒരുമുറത്തില്‍ , ശേഷിച്ച പച്ചക്കറികള്‍ നീക്കി വച്ചിരിക്കുന്നു. അതില്‍ ആരും ശ്രദ്ധിക്കാത്ത ഒരു പാവം ഐറ്റം. ബീറ്റ് റൂട്ട്. പണ്ടൊക്കെ ഇത് സാമ്പാറില്‍ ചേര്‍ക്കുമായിരുന്നു . ചുവപ്പു നിറം സാമ്പാറില്‍ പടരുന്നതുകൊണ്ട്  ഈ പാവത്തിനെ ഇപ്പോള്‍ എല്ലാവരും തഴയുന്നു.
“നമ്മുടെ വകയായി ഒരൈറ്റം കൂടിയായാലോ..?”- ഞാന്‍ ഭാര്യയോട് ആരാഞ്ഞു.
“ ഇനീപ്പോ അതിനു സമയോണ്ടോ..?”
“ ഒരഞ്ചു മിനിറ്റ്..അത്രയേ വേണ്ടൂ..”
“ഈ അഞ്ചുമിനിറ്റുകൊണ്ട് എന്തുണ്ടാക്കാനാ..?”
“ അതൊക്കെ  കാട്ടിത്തരാം..”-  പാചകത്തിലും,ലൊട്ടുലൊടുക്കു വിദ്യകളിലും ഭര്‍ത്താവിന്നുള്ള നൈപുണ്യത്തില്‍  വിശ്വാസമുള്ളതിനാല്‍ അവള്‍ ‘യേസ്’ മൂളി.
“ എന്തു വേണേലു മായിക്കോ ..ആദ്യം ഈ ഡ്രസ്സ് ഒന്നു മാറിവാ..ഉടുക്കാനുള്ളത് ഞാനവിടെ എടുത്തു വച്ചിട്ടുണ്ട്...”
“ ഓക്കേ.. ഞാന്‍ വരുമ്പോഴേക്കും ദാ ഈ സവാള തീരെ പൊടിയാക്കി അരിഞ്ഞു വച്ചോളൂ..”
ഒരു ചെറിയ സവാളയെടുത്ത് ഏല്‍പ്പിച്ച് ഞാന്‍  പുറത്തു കടന്നു.
ലുങ്കിയും ഷര്‍ട്ടും, തലയില്‍ ഒരു വട്ടക്കെട്ടുമായി ഞാനെത്തുമ്പോഴേക്കും ,പറഞ്ഞ പണി വ്യത്തിയായി ചെയ്ത് വച്ച്  ശ്രീമതിയിരുന്നു മൂ‍ക്ക് പിഴിയുന്നു..!
“ എന്തിനാ നീ കരേണത്..? സങ്കടം സഹിക്കണില്ലെങ്കില്‍..ദാ ഇതുകൂടെ അരിഞ്ഞു താ..!”
മുറത്തില്‍ നിന്നും ഒരു ബീറ്റ് റൂട്ട് എടുത്ത് ഞാന്‍ കയ്യില്‍ കൊടുത്തു.
സവാളയരിഞ്ഞ ‘സങ്കടം’ മറന്ന് ,ബീറ്റ് റൂട്ട് തൊലികളഞ്ഞ് അരിയുമ്പോഴേക്കും ഞാന്‍ അലമാരിയില്‍ നിന്നും ചെറിയ ഒരു ഭരണി കണ്ടെടുത്തു.
അതില്‍നിന്നും നല്ല കട്ട തൈര് വെള്ളമൊട്ടുമില്ലാതെ ഒരു പാത്രത്തിലേക്കു പകര്‍ന്നു.
പിന്നെ ഒരു പച്ചമുളക് കഴുകി അരിയാനേല്‍പ്പിച്ചു.
മറ്റ് ആഘോഷക്കമ്മറ്റിക്കാരെല്ലാം. ഇതൊക്കെ ശ്രദ്ധിച്ച് അവിടിവിടെയായി സ്ഥാനം പിടിച്ചു.
“ ആരും വേണ്ടാ..ഇത് ഞങ്ങള് തന്നേ..ചെയ്തോളാം..!”-എന്ന അവളുടെ താക്കീത് കേട്ട് മാറിനില്‍ക്കുകയാണ് പാവങ്ങള്‍.
“ഹും...!മിണ്ടാപ്പൂച്ചയായിരുന്നോള് .കല്യാണം കഴിഞ്ഞതോടെ പുലിയായി..പുലി..!!“
അളിയന്‍ ചെക്കന്റെ പ്രസ്ഥാവനക്ക് അനിയത്തിയുടെ വക സപ്പോര്‍ട്ടുംകിട്ടി.
“ഞാനാരാ..മോള്..! എന്ന ഭാവത്തില്‍ ഭാര്യ എന്നെ നോക്കി..!”
“ഒന്നു വേഗാവട്ടേ....“-ഞാന്‍ ധ്യതികാട്ടി
“ദാ..കഴിഞ്ഞു..”- അവള്‍ ബീറ്റ് റൂട്ട് അരിഞ്ഞത് നീക്കി വച്ചു.
“ അതുപോലെ മുളകും അരിയണം..!”
“ മുളക്  മാത്രം ഏട്ടനരിഞ്ഞോളൂ..എന്റെ കൈ പുകയും..!”
അവളുടെ വിശദീകരണം കേട്ട് ഞാന്‍ ചിരിച്ചു. പിന്നെ മറ്റുള്ളവര്‍ ശ്രദ്ധിക്കാതെ ചെവിയില്‍ പറഞ്ഞു.
“ എടീ മണ്ടീ ഞാനരിഞ്ഞാലും.. പുകയുന്നത് നിനക്കു തന്നാ..!!”
“ശ്ശീ..ഒന്നു പോ..!”-കൈമുട്ടു കൊണ്ട് അവളെന്നെ തള്ളിമാറ്റി. പിന്നെ മുളക് അരിയാന്‍ തുടങ്ങി.
അരിഞ്ഞുവച്ച ബീറ്റ് റൂട്ടും സവാളയും ഒരു ചെറിയപാത്രത്തിലാക്കി അതിലേക്ക് മൂന്നു നാലു സ്പൂണ്‍   കട്ട തൈര് ഒഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് സ്പൂണു കൊണ്ട് തന്നെ ചേര്‍ത്ത് ഉടച്ചു. പിന്നെ അരിഞ്ഞ പച്ചമുളകും ,രണ്ട് കറിവേപ്പില കൈകൊണ്ട് തന്നെ കീറി തിരുമ്മി അതും ഇട്ട് ഒന്നു കൂടി ഇളക്കി ചേര്‍ത്തു.
“ ദാ തൊടു കറി തയ്യാര്‍..!”
“ഇത്രേ യുള്ളു..?”-ഭാര്യക്ക് അതിശയം.
“ ഇത്രേം മതി.ഒന്നു ടേസ്റ്റ് നോക്കിയെ..”
ഒരു  കുഴിഞ്ഞ ചില്ലു പാത്രത്തില്‍ ,നല്ല കളര്‍ഫുള്ളായിരിക്കുന്ന തൊടുകറി സ്വാദ് നോക്കി അവളെനിക്കു “ഗ്രേറ്റ്” സര്‍ട്ടിഫിക്കറ്റു തന്നു. പിന്നെ മറ്റുള്ളവരും അതില്‍ പങ്കുചേര്‍ന്നു.
ഇലയില്‍ മറ്റു തൊടുകറികളുടെ കൂട്ടത്തില്‍ ഇടിവെട്ടു കളറുമായി  അവനും സ്ഥാനം പിടിച്ചു.
“പച്ചടി, കിച്ചടി..ഇതൊക്കെ അറിയാം...അളിയനുണ്ടാക്കിയ ഈ കറിയുടെ പേരെന്താ..?“
ഊണിനിടയില്‍ അളിയന്‍ ചെക്കന്റെ  ന്യായമായ സംശയം.
“ ഓ..അതിനിപ്പോ പ്രത്യേകിച്ച് പേരൊന്നുമില്ല.. നീ..വേണങ്കി..ബാബൂന്ന് വിളിച്ചോ..”
ഞാന്‍ അങ്ങനെ  പറഞ്ഞ്  ഒഴിഞ്ഞെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും അത്          
“ അളിയന്റെ കറി”  എന്ന പേരില്‍ അവിടെ വിലസുന്നു..!!        
                                                                                              *
 

കുറിപ്പ്:
തൈര് വെള്ളം ചേരാത്തതായാല്‍ അത്യുത്തമം.
ചേരുവകള്‍ എത്രചെറുതാക്കി  അരിയുന്നൊ അത്രയും നല്ലത്.
ആവശ്യമെങ്കില്‍ അല്പം ഇഞ്ചി കൂടെ ചേര്‍ക്കാം.






തിങ്കളാഴ്‌ച, ഓഗസ്റ്റ് 01, 2011

ടോണിക്കുണ്ടൊരു കുഞ്ഞാട്

          ഓടിക്കൊണ്ടിരുന്ന കാറ് നന്നായൊന്നുലഞ്ഞപ്പോഴാണ് ആലീസ് കണ്ണു തുറന്നത്.  ചുറ്റും നോക്കിയപ്പോള്‍ കാണുന്നത് പാതിയുറക്കത്തിലിരുന്നു വണ്ടിയോടിക്കുന്ന തന്റെ കണവന്‍ ടോണിച്ചനെ.
“എന്റെ കര്‍ത്താവേ..! “
എന്നൊരു വിളി ആലീസിന്റെ അന്തരംഗത്തില്‍ നിന്നോ  മറ്റോ ബഹിര്‍ഗമിച്ചെങ്കിലും. ഗമിച്ച സാധനം വായ പൊത്തി അങ്ങനെ തന്നെ അകത്തേക്കു വിട്ടു..!അതു വെളിയിലെത്തിയാല്‍ ഒരൊന്നൊന്നര വിളിയായിരിക്കും . കേട്ടപാതി കേള്‍ക്കാത്തപാതി ഇങ്ങേര് സഡന്‍ ബ്രേക്കിടും..അല്ലെങ്കില്‍ വണ്ടിസൈഡിലേക്കു വെട്ടിക്കും.  രണ്ടും അപകടം.ആലീസിന്റെ തലക്കത്തും സെറിബ്രം,സെറിബെല്ലം ,മെഡുല്ലാ ഒബ്ലംഗേറ്റ മുതലായ മുന്തിയതരം സാധന സാമഗ്രികള്‍  ഉള്ളതിനാല്‍  അവരെല്ലാം കൂടെ ഉണര്‍ന്നു പ്രവത്തിച്ചു... ഉടനെ വലതുകൈ നീട്ടി ടോണിച്ചനവര്‍കളുടെ തലക്കു പിറകില്‍ മുടിയിലൂടെ കൈയ്യോടിച്ചു.
ആഹാ.....!എന്തു സുഖം...ടോണിച്ചന്‍ സുഖ ലോലുപനായി..പാതി ഷട്ടറിട്ട കണ്ണുകള്‍ ഫുള്‍ വലിച്ചടക്കാനായി തയ്യാറെടുത്തു.
ഈശോയേ...ഇങ്ങേരെന്നെ കൊലക്കു കൊടുക്കും.ഇതിയാനെ  ഉണര്‍ത്തിയേ പറ്റൂ..
മുന്നിലും പിന്നിലും വേറേ വണ്ടിയൊന്നുമില്ലെന്നുറപ്പു വരുത്തി ആലീസു മെല്ലെ വിളിച്ചു.
“ അച്ചായാ.....”
രാത്രി , കട്ടിലില്‍ തന്റെ നെഞ്ചിലേക്കു തലചേര്‍ത്ത്  ആലീസ് വിളിക്കുന്ന ആ ‘ഒരുമാതിരി’ വിളി ടോണിച്ചനു ഫീലു ചെയ്തു..
“ എന്നതാടീ ആലി ക്കൊച്ചേ..?”
ടോണിച്ചന്‍ ..വികാരതരളിതനായി.
“ അയ്യട... ശ്രിംഗരിക്കാന്‍ പറ്റിയ നേരം..!”
“ഉള്ള കള്ളെല്ലാം കുടിച്ചേച്ച്..നിങ്ങളെന്നാ മനുഷേനേ ഈകാണിക്കണത്.?”
ആലീസിന്റെ ശബ്ദം അല്പമൊന്നുയര്‍ന്നു.
അപ്പോത്തന്നെ ടോണിച്ചന്‍ കാണീര്  നിര്‍ത്തി ,സ്ഥല കാല ബോധത്തോടെ ഡീസെന്റായി.
“ശ്ശൊ..ഇതു നേരത്തേയാകാരുന്നു.“  ആലീസ് പിറുപിറുത്തു.

                               ടോണിച്ചന്റെ ഉറക്കംതൂങ്ങല്‍  ആലീസിന്റെ ഉറക്കം കെടുത്തി.
“അച്ചായാ, സത്യം പറ...ഞാന്‍ കാണാതെ എത്രയെണ്ണം അകത്താക്കി..?”
“ രണ്ട് ...രണ്ടേ രണ്ടെണ്ണം....അത് നീയും കണ്ടതല്ലേയെന്റാലീസേ...?”  
“അത് ഞാന്‍ കണ്ടാരുന്ന്....കാണാതെ എത്രയാന്നാ ചോദിച്ചേ..?”
“അയ്യേ..ഞാനെങ്ങും കുടിച്ചില്ല....എനിക്ക് വണ്ടിയോടിക്കാനൊള്ളതല്ലെ.....?”
“ജോസൂട്ടീടെ കൂടെ അകത്തേക്കുപോയാരുന്നല്ലോ..അതെന്തിനായിരുന്ന്..?”
“നീയിങ്ങനെയൊക്കെ ചോദിച്ചാ‍....“  -ടോണിച്ചന് ഉത്തരം മുട്ടി.
“ജോയിമോന്‍ ഒഴിച്ചു വച്ചത്  രണ്ടെണ്ണം നിങ്ങളു കാണാതെ ഞാനെടുത്തു കക്കൂസില്‍ കളഞ്ഞു...”
ആലീസ് തെളിവുസഹിതം തന്നെ പൊക്കുന്നു എന്ന തുണിയില്ലാത്ത സത്യം,ടോണിച്ചന്റെ കെട്ടുവിടാത്ത തലയിലേക്ക് തുളച്ചുകയറി.
“...അതു കഴിഞ്ഞപ്പളാ നിങ്ങളു രണ്ടാളുംകൂടെ മുങ്ങിയത്.”
ആലീസു നിര്‍ത്തുന്ന ലക്ഷണമില്ല.
“...ചുരുങ്ങിയത്..ഒരാറേഴെണ്ണം...അതുറപ്പാ.”
“ഹൊ...ഭയങ്കരീ...നീ പുലി തന്നെ..പുലി.”
“ഉം..സുഖിപ്പിക്കല്ലേ....സാറൊരു കാര്യം ചെയ്യ് .. വണ്ടി ഇവിടെ നിര്‍ത്ത്. നമുക്ക് ബസ്സേല്‍   പോവാം.”
“ചുമ്മാതിരിയടീ..ഞാനാദ്യായിട്ടാണോ..വണ്ടിയോടിക്കണത്..?”
“ആദ്യായിട്ടല്ലായിരിക്കും...പക്ഷേ.. ഇത് അവസാനത്തേതാക്കരുത്..!”
“മിണ്ടാതിരിയെടീ ..കഴ്വേര്‍ടമോളേ... “  അതല്പം ഉച്ചത്തിലായിരുന്നു.
അതോടെ ആലീസു നിര്‍ത്തി.
                                       നിര്‍ത്തിയില്ലെങ്കില്‍ വേറെ പല ‘മോളേ’ വിളികളും കേള്‍ക്കേണ്ടി വരുമെന്നുറപ്പുള്ളതുകൊണ്ടും, ഈ അവസ്ഥയില്‍ അച്ചായന്‍ ബസ്സിലെങ്ങാനും കേറിയാലുള്ള പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്നറിയാവുന്നതു കൊണ്ടും കഴ്വേര്‍ടമോള്  തല്‍ക്കാലം ഒതുങ്ങി.
പക്ഷേ ഇങ്ങനെയൊക്കെകണ്ടാല്‍ അതുവിളിച്ചുപറഞ്ഞില്ലെങ്കില്‍..
ആലീസിന്  ഇരിക്കപ്പൊറുതിയുണ്ടാവില്ല.
“...ന്നാലും എന്റച്ചായാ..കാര്യം  അവന്‍ എന്റാങ്ങളയാ.. അവന്റെ മനസ്സു ചോദ്യത്തിന് തന്നെ നിങ്ങള് ഈ പരുവം. അപ്പോപ്പിന്നെ കല്യാണത്തിനെന്തായിരിക്കും..?“  
 മറുപടിയായി ടോണിച്ചനൊന്നും പറയാതെ വണ്ടി സൈഡിലേക്കൊതുക്കി .
“അല്ലച്ചായാ ഞാന്‍ വെറുതേ അങ്ങു പറഞ്ഞന്നെയുള്ളു.... ”
ടോണിച്ചനില്‍ പെട്ടന്നുണ്ടായ ഭാവമാറ്റം ആലീസിനെ ഭയപ്പെടുത്തി.
“നീയങ്ങോട്ടു നോക്കിക്കേടീ  ആലീസേ...”-മുന്നിലേക്ക് തല വെട്ടിച്ച്  ടോണിച്ചന്‍ ആ നടുക്കുന്ന കാഴ്ച ആലീസിനു കാട്ടിക്കൊടുത്തു.
                               മുന്നില്‍ വളവു തിരിഞ്ഞു ചെല്ലുന്നിടത്ത്  നിര്‍ത്തിയിട്ട ഒരു പോലീസ് വണ്ടി..!അവിടെയും ഇവിടെയുമൊക്കെയായി ഏമാന്മാര്‍ വണ്ടി തടഞ്ഞ് ക്രമസമാധാനം ഉറപ്പുവരുത്തുന്നു.
പാവം ഡ്രൈവര്‍മാര്‍ ബുക്കെടുക്കുന്നു..ചിലര്‍ പേപ്പറെടുക്കുന്നു. ബുക്കും പേപ്പറുമില്ലാത്തോർ കീശയിൽനിന്ന്  കാശെടുക്കുന്നു.
“ രൂഭാ ആയിരം പോയടീ ആലീസേ..!”- ടോണിച്ചന്‍ ഒരു പ്രവചനം നടത്തി.
ആലീസിന് സംഗതിയുടെ ഗൌരവം  മനസ്സിലായി.അവരും  തരക്കേടില്ലാത്ത ഒരു  മഹത് വചനം നടത്തിനോക്കി..
“ നിങ്ങടെ ഈ പരുവംകണ്ടാല്‍ ആയിരാല്ല...പൈനായിരം പോകൂന്ന് ഒറപ്പാ..!”
“നിന്റെ കരിനാക്കു ഫലിക്കും....ദേ വരുന്നു മാരണം.”
                             പെന്‍ഷനാകാറായ ഒരു യേമാന്‍  ശുഭപ്രതീക്ഷയോടെ അടുത്തുവന്നപ്പോഴേ ടോണിച്ചന്‍ വണ്ടിയുടെ ജാതകം എടുത്തു കാണിച്ചു. അതുവാങ്ങി,തുറന്ന ഗ്ലാസ്സിലൂടെ ഏമാന്‍ അകത്തേക്കൊരു നിരീക്ഷണം നടത്തി.
“എവ്ടെപ്പോകുവാ..?”
നല്ല മനുഷ്യന്‍ ..ലോഹ്യം ചോദിക്കുന്നല്ലോ എന്ന് ആലീസു കരുതി.
താന്‍ വായ് തുറന്ന് എന്തേലും പറഞ്ഞാല്‍.. മണമടിച്ച് യേമാന്‍ പൂസ്സാകുമെന്നുറപ്പുള്ളതു കൊണ്ട് ടോണിച്ചന്‍ ഒന്നു പരുങ്ങി. ഈ സമയത്താണ് ഒരു ഹത ഭാഗ്യന്‍ ബൈക്കിന്മേല്‍ കൂട്ടാളിയേയും വച്ച്  ഹെല്‍മറ്റില്ലാതെ ഓവര്‍ സ്പീഡില്‍ ‍പറന്നുവരുന്നത് യശമാന്റെ കണ്ണില്‍ പെട്ടത്.  
ആഹാ.. ഓഹോ..!  ഉത്സാഹത്തോടെ അവനു ചാര്‍ത്താനുള്ള തലവിധി കണക്കുകൂട്ടിക്കൊണ്ട്  അദ്യേം അങ്ങോട്ടു നീങ്ങി.
ഇപ്പോള്‍ ടോണിച്ചന്റെ മനസ്സില്‍ ഒരു ലഡു  അല്ല ,ഗ്രീന്‍ലേബലിന്റെ  ഒരു പൈന്റ് പൊട്ടി..! അടുത്തനിമിഷം ‍ വണ്ടിയുടെ  ഡാഷ്ബോര്‍ഡില്‍ നിന്ന്  ഒരു ചെറിയ പാക്കറ്റ് എടുത്ത്  തുറന്ന് അതിലെ ദ്രാവകം വായിലേക്കൊഴിച്ചു.
നിരന്തര പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഏതോ മഹാനായ  കുടിയന്‍, കള്ളുകുടി പുറം ലോകമറിയാതിരിക്കാന്‍ വേണ്ടി കണ്ടു പിടിച്ച ഇന്‍സ്റ്റന്റ് രക്ഷാകവചം*..!                            
കേവലം ഒരുരൂപാ മാത്രം വില വരുന്ന ഒരുപാക്കറ്റ് പാരച്ചൂട്ട് വെളിച്ചെണ്ണ.
അന്തം വിട്ടു നോക്കിയിരുന്നതല്ലാതെ ആലീസിന്റെ മനസ്സില്‍  ലഡു പോയിട്ട് ഒരു ജീരക മുട്ടായി പോലും പൊട്ടിയില്ല.
ഈ സമയം ഇരതേടിപ്പോയ പോലീസ്  വിയശ്രീ ലാളിതനായി തിരിച്ചുവരുന്നു.
പാവം ഇര കരഞ്ഞുവിളിച്ച് ,ബൈക്കും തള്ളിക്കൊണ്ട് മുന്നില്‍  വല്യേമാന്റെ അടുത്തേക്കു നീങ്ങി.
“ദാണ്ടെ ..ഇതേലേക്കൊന്നൂതിക്കേ..”     പോലീസേമാന്റെ കയ്യില്‍ ഡിക്റ്റെറ്റര്‍..!
ആലീസിന് ഇത് പുത്തന്‍ അനുഭവം..
ടോണിച്ചന്‍ ഒന്നു ശങ്കിച്ചെങ്കിലും...വളരെ നിഷ്കളങ്കനായി മെല്ലെ ഒന്ന് ഊതിനോക്കി..
“ഭൂ......!”
“അതു പോരല്ലോ ..ഒന്നു ശക് തിയായിട്ട് ഊത്.”   യേമാന്റെ വക പ്രോത്സാഹനം.
ആദ്യ പരീക്ഷണം വിജയിച്ച സന്തോഷത്തില്‍ ടോണിച്ചന്‍ ഉത്സാഹത്തോടെ വീണ്ടും ഊതി.
“ഭ്ഭൂ....ഭ്ഭൂ....!”
ഒരു ‘പീ..പീ’ ശബ്ദത്തിനായി യേമാന്‍ കൊതിച്ചെന്നുറപ്പ്..! 
യന്ത്രത്തിന്റെ പ്രവര്‍ത്തന ക്ഷമതയില്‍ ഏമാന് സംശയം.
ഡിക്റ്റെറ്റര്‍ ചെവിയോടു ചേര്‍ത്ത് കുലുക്കി  കേടില്ലെന്നുറപ്പുവരുത്തി വീണ്ടും പറഞ്ഞു.
“ ഒന്നൂടെ ഊതിക്കേ.!”
“ഒന്നോ രണ്ടോ..ആവാല്ലോ..”  ടോണിച്ചന് ആവേശം.
ഡിക്റ്റെറ്റര്‍ കയ്യില്‍ വാങ്ങി ടോണിച്ചന്‍  പലതവണ ഊതി..!
ദെയര്‍  ഈസ്  നോ എനി ..’പീ..പീ...’!!
ആവേശം മൂത്ത് ആലീസിന്റെ ചുണ്ടിനു നേരേ നീട്ടിപ്പറഞ്ഞു ..
“ വേണങ്കി.. നീയും ഊതിക്കോടീ...വെർതേ ഒരു രസത്തിന് ”
“യ്യോ..വേണ്ടേ..യ്..!”
ആലീസ് വായ് തുറന്നപ്പോള്‍  യേമാന്‍ കാത്തിരുന്ന ആ മധുര സ്വരം..!
“പീ..പീ....പീ ... !”
ആലീസ് മാഡം  വായ് പൊത്തിക്കൊണ്ട് മറുവശത്തേക്കു കുനിഞ്ഞു.
“ച്ലിം...ങ്..“
ടോണിച്ചന്റെ മനസ്സില്‍ ഇത്തവണ പൈന്റിനു പകരം  പൊട്ടിയത് വെറും കാലിക്കുപ്പി..!
നാട്യ ശാസ്ത്രത്തിലെ മിക്കവാറും എല്ലാ രസങ്ങളും, പിന്നെ  ശ്രീമാന്‍ ജഗതിശ്രീകുമാര്‍ സ്വന്തമായി കണ്ടു പിടിച്ച  അണ്ടു സ്പെഷ്യല്‍  ഐറ്റങ്ങളും  നിമിഷ നേരത്തില്‍ ടോണിച്ചന്റെ മുഖത്തു മിന്നി മറഞ്ഞു.
                 ടോണിച്ചനും മൂത്ത അളിയന്‍ ജോസൂട്ടിയുംകൂടി തീര്‍ത്ത ഒരുകുപ്പി ഗ്രീന്‍ ലേബല്‍ വിസ്കി യുടെതരിപ്പ് അനിക്സ്പ്രേയുടെ പരസ്യം പോലായി.
“ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍..!”
അതോടെ ഊത്ത്  ഉപസംഹരിച്ച്  ലഹരിമാപിനി തിരികെ നല്‍കുമ്പോൾ ടോണിച്ചന്‍  വല്ലാതെ പരുങ്ങി..
“ ചെലപ്പം...ഇത് കേടായിരിക്കും സാറേ....”
“ ഉം..അതെയതെ..ഇനി ഇവ്ടെ നിന്നാല്‍ .. നിങ്ങടെ തടികൂടെ  കേടാകം...അതോണ്ട്,  മക്കള്  വേഗം വിട്ടോ..!”
കയ്യിലിരുന്ന ആര്‍ സി ബുക്ക്  തിരികെ നല്‍കിക്കൊണ്ട് , യേമാന്‍ ശരിക്കും പറഞ്ഞതാണോ അതോ ഒന്നു താങ്ങിയതാണോ എന്ന് ടോണിക്ക് തോന്നാതിരുന്നില്ല.
അവൻ വളരെ ദീന പരവശനായി  കാക്കിയെ നോക്കി..!
അത് അത്ര ഗൌനിക്കാതെ യന്ത്രവുമായി  പുലീസ്  അടുത്ത ഇരയെ തേടിപ്പോയി.
                    ആലീസിന്റെ പ്രാര്‍ത്ഥന മാനിച്ച് കുരിശു പള്ളീലെ ഗീവര്‍ഗീസു പുണ്യാളന്‍ കുന്തവുമായി കുതിരപ്പുറത്തെത്തി അങ്ങേരെ ഓടിച്ചതാണെന്ന് ടോണിച്ചനു തോന്നിപ്പോയി.
ടോണിച്ചന്‍ സഹധര്‍മിണിയുടെ നേരേ തിരിഞ്ഞു.
“ആലിക്കൊച്ചേ..”
“എന്തോ...”   ആലീസിന് വിനയം വല്ലാതെ കൂടി.
“ജോയിമോന്‍ ഒഴിച്ചു വച്ച രണ്ടു പെഗ്ഗ്, മോളെവിടെയാ കളഞ്ഞത്..?”
“ കക്കൂസില്..”
“ ഫ് ഭ...!  കഴ്വേര്‍ട മോളേ...സത്യം പറ..കക്കൂസില്‍ക്കേറി നീയെത്രയെണ്ണം വീശി..?”
“രണ്ട് …...രണ്ടേ രണ്ടെണ്ണം..” ആ മറുപടികേട്ട്  ടോണിച്ചന്റെ കണ്ണുതള്ളി.
തള്ളിയ കണ്ണ് ഒരുവിധം അകത്തേക്കുവയ്ക്കുമ്പോള്‍  ആലീസിന്റെ വിശദീകരണം.
“പത്തിരുവത് കൊല്ലായില്ലേ നിങ്ങടെ കൂടെ.. എനിക്കും പിടിച്ചു നില്‍ക്കണ്ടെ...?”
അകത്തേക്കു വച്ച കണ്ണ് വീണ്ടും പുറത്തേക്ക്.
“ന്റെ തോട്ടറപ്പള്ളി മാതാവേ...ഇവളോടു ഷമിക്കേണമേ..!”
കാറിനുള്ളിലെ മാതാവിന്റെ രൂപം നോക്കി നെഞ്ചില്‍ കൈവച്ചു പ്രാര്‍ത്ഥിച്ചുകൊണ്ട് ടോണിച്ചന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി..!

                                                                                                           *
നിയമ പ്രകാരമുള്ള മുന്നറിയിപ്പ്:  മദ്യം ആണുങ്ങള്‍ക്കുമാത്രമല്ല,
പെണ്ണുങ്ങള്‍ക്കും ഹാനികരമാണ്..!

* രക്ഷാ കവചം- പലരും പരീക്ഷിച്ചു ഗുണമേന്മ ഉറപ്പു വരുത്തിയതാണ്.
അഥവാ ഫെയിലായാല്‍ എന്നെപ്പറയരുത്..!