ഞായറാഴ്‌ച, ഡിസംബർ 26, 2010

വട്ടപ്പൂജ്യം

   നെല്‍ചെടിയുടെ ഗന്ധമുള്ള ഇളം കാറ്റ് ആസ്വദിച്ച് ,പുഞ്ചയുടെ നടുവിലെ കോണ്‍ക്രീറ്റ്പാലത്തിന്റെ കല്‍ക്കെട്ടില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ നിറഞ്ഞത് കുട്ടിക്കാലമായിരുന്നു .നീന്തലിന്റെ  എല്‍ക്കേജീ മുതല്‍ , മാസ്റ്റര്‍ ഡിഗ്രിവരെ പാസ്സായത് ഈ തോട്ടിലാണ്...ഈ കല്‍ക്കെട്ടില്‍ നിന്നും വെള്ളത്തിലേക്കുള്ള
ട്രിപ്പിള്‍ജമ്പ്..ചൂണ്ടയിടല്‍...കക്കവാരല്‍...എല്ലാം..എല്ലാം..ഇന്നലെയെന്നപോലെ മനസ്സില്‍ തെളിയുന്നു..
 “ നീ എന്നാടാ വന്നത്..?”
ആശബ്ദം എന്നെ വര്‍ത്തമാനകാലത്തിലേക്കു കൊണ്ടുവന്നു..!
‍കള്ളിഷര്‍ട്ടും,കൈലിയും  തലയില്‍ വട്ടക്കെട്ടും, കയ്യില്‍ ഒരു ഉണങ്ങിയ ഓല മടലുമായി  ഗോപാലന്‍..!!
                      ഈ പുഞ്ചപ്പാടത്ത് അങ്ങോളമിങ്ങോളം കാലിമേയ്ക്കാനും,കപ്പ മാന്താനും, കണ്ണുകെട്ടിക്കളിക്കാനും,ഈ തോട്ടില്‍ തലകുത്തിചാടിമറിയാനും,മീന്‍പിടിക്കാനുമെല്ലാമെല്ലാം ചെറുപ്പത്തില്‍കൂടെയുണ്ടായിരുന്നവന്‍..!!- ആറാംതരത്തില്‍ രണ്ടു കൊല്ലമടക്കം ഏഴുകൊല്ലത്തെ വിദ്യാഭ്യാസം നിര്‍ത്തുമ്പോഴേക്കും , ജീവിക്കാനുള്ള വിദ്യ സ്വയം അഭ്യസിച്ചവന്‍..!
റബ്ബര്‍ ടാപ്പിങും,പാടത്തുപണിയുമൊക്കെയായി ജീവിതം കരുപ്പിടിപ്പിച്ചവന്‍.. വര്‍ഷങ്ങള്‍ക്കു ശേഷം ,അഷ്ടിക്കു വകതേടി ഞാന്‍ നാടുവിടുമ്പോള്‍  പലവക ജോലികള്‍കൊണ്ട് കഷ്ടിച്ച് ജീവിച്ചിരുന്നവന്‍......കഴിഞ്ഞ രണ്ടുമൂന്നു അവധിക്കാലത്ത് ഇവനെ കണ്ടിരുന്നേയില്ല..!
“നിനക്കെന്നെ മനസ്സിലായില്ലേടാ..?”-
എന്റെ സൂഷ്മ വീക്ഷണം കണ്ടിട്ടാവണം അവന്‍ ചിരിച്ചുകൊണ്ട് അടുത്തുവന്നു..
“പിന്നേ..ആവാണ്ട്..?..എന്തുണ്ട് വിശേഷങ്ങള്..?”
“ഓ..എന്നാ വിശേഷം..വല്യ കൊഴപ്പയില്ലാതെ പോണ്..!”-കയ്യിലിരുന്ന ഓലമടല്‍ താഴെയിട്ട്, തലയിലെ തോര്‍ത്തഴിച്ചു മുഖംതുടച്ചുകൊണ്ട്  എനിക്കഭിമുഖമായി  അവനും ഇരുന്നു..    
“എങ്ങനെയുണ്ട് പുതിയ ബിസ്സിനസ്സൊക്കെ?.....”-അവന്റെ ഇരുചുമലിലും തട്ടിആശ്ലേഷിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.
“പഴേ തരികിടയൊക്കെ നിര്‍ത്തി..ഇപ്പോ മണലുപണിമാത്രേ ഒള്ളൂ... .”
ആരോ പറഞ്ഞു ഞാനും അതറിഞ്ഞിരുന്നു.
“റബ്ബറു വെട്ടി നടന്ന നീയെങ്ങനെയാ മണല്‍ മാഫിയാ ആയത്..?..”
                            “ ഓ..അതൊരു കതയാ.....മേപ്രായിലെ കറിയാന്റെ കൂടെ മണലു ലോടിങ്ങിനു പോയതാരുന്നെടാ...കൊറേകഴിഞ്ഞപ്പം പതുക്കെ ഒരുടിപ്പറു വാടകക്കെടുത്ത് രാത്രീല്  കള്ളലോടു വെച്ചു...ര്‍ണാകൊളത്തും,കാക്കനാടും...ഒക്കെ...! തരക്കേടില്ലാന്നുവന്നപ്പം....ടിപ്പറുകാരന് വാടക കൂട്ടണംന്ന്.....ഞാന്‍ കൊടുക്കുവോ..?? പോകാന്‍ പറഞ്ഞു... ഏല്ലാംകൂടി തപ്പിവാരി വിറ്റു പെറുക്കി ഒരു ടിപ്പറ് മേടിച്ചു.....ട്രൈവിങറിയാവുന്നതുകൊണ്ടു  ഞാന്‍ തന്നേ..ഓടിച്ചു..
തനി നാട്ടുഭാഷയില്‍ ,     ആണ്ടും, മാസവും, തീയ്യതിയും സഹിതം ഗോപാലന്‍ എന്ന ഗോപി വിവരണം തുടര്‍ന്നു.കൌതുകത്തോടെ, അതിലേറെ ജിജ്ഞാസയോടെ ഞാനതു കേട്ടിരുന്നു...
ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ഒരു കാജാ ബീഡിയെടുത്ത് ചുണ്ടില്‍ വച്ച്, ഒന്നെനിക്കും നീട്ടി..
“ഓ...നീ വലിക്കൂല്ലാ..അല്ലേ... മ്മക്ക് ഇതില്ലാണ്ടു പറ്റൂല്ലെടാവേ....!”
                          ലൈറ്ററില്‍ നിന്നും തീ പകരുമ്പോള്‍ പോക്കറ്റിലെ മൊബൈല്‍ ഫോണില്‍ നിന്നും ഒരു പഴയകാല ചലച്ചിത്ര ഗാനം ഉയര്‍ന്നു...പുകയൂതിക്കൊണ്ട് അവന്‍ ഫോണ്‍ എടുത്തു.
“ന്താടാ......ഞാനിച്ചെരെ...കഴിഞ്ഞു വരാം....ങാ..ശെരി..ശെരി.......
- ചെറുക്കനാ,...ന്നെ കാണാഞ്ഞിട്ടു വിളിച്ച താ...”
“മോനെത്രവയസ്സായി..?”
“ഇപ്പം...ഒമ്പതിപ്പടിക്കണ്....”
“മോളോ..?”
“അവളേഴില്....!”
“ഉം..പിള്ളേരൊക്കെ വലുതായി..അല്ലേ...?”
“നേരത്തേ പെണ്ണു കെട്യകാരണം... ഇത്രയൊക്കെയായി..!”
                  രണ്ടു പുകകൂടി എടുത്ത്,ശേഷിച്ച്ത് തോട്ടിലെ വെള്ളത്തിലേക്കെറിഞ്ഞുകൊണ്ട് അവന്‍ വിവരണംതുടര്‍ന്നു....
“...അങ്ങനെ ഇരിക്കുമ്പളാ..മാമ്പൊറത്തെ രാമന്നായര് , സലം വില്ക്കാന്‍ പോകുവാന്നു പറഞ്ഞത്..അവിടെ നല്ല മണലു കിട്ടൂന്ന് എനിക്കറിയാര്‍ന്നു..
രണ്ടാമത്തെ ടിപ്പറിനു സൊരുക്കൂട്ടിയ കാശും, പിന്നെ വീടും പറമ്പും പണയം വെച്ചും എല്ലാം കൂട്ടി ആ സലം മേടിച്ചു...
….നീ അറിയും..ആപൊഴയരുകിലെ......കാടുപിടിച്ചുകെടന്നസലം..!”
“ഉം...നമ്മുടെ പോലീസുകാരന്‍ ദാമൂന്റെ വീടിന്റഅപ്പുറത്ത്...?”
“...ങാ..അത് തന്നെ..!”-മൊബൈല്‍ വീണ്ടും പാട്ടു പാടി.എങ്കിലും...തിടുക്കത്തില്‍ അതെടുത്ത്  അവന്‍ കാള്‍ കട്ടു ചെയ്തു..
“ഇനിഞാന്‍ ചെല്ലാതെ നിര്‍ത്തൂല്ല -ന്ന് ഞാറാഴ്ച്ചയല്ലേ എവിടേങ്കിലും പോകാനാരിക്കും..!”
ഗോപാലന്‍ മെല്ലെ എഴുന്നേറ്റു..

“എന്നിട്ടെന്തായി...?” -വെറുതേയെങ്കിലും ആവിജയഗാഥ മുഴുവന്‍ കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.
“...പിന്നെ പറമ്പ് കുഴിച്ചു മണല്‍ എടുക്കാനൊള്ള കാര്യങ്ങളു ചെയ്തു....”
-പോകാനുള്ള  തിടുക്കത്തില്‍ ഗോപാലന്‍ ഉപസംഹരിക്കുവാന്‍ തുടങ്ങി..
“...... പഞ്ചായത്താപ്പീസ്... കളട്രേറ്റ്....ജിയോളജീ വകുപ്പ്...അങ്ങനെ..അങ്ങനെ..കാശുകൊറേ.. കളയെണ്ടിവന്നു.‍...!
                            ഇവനെങ്ങനെ  തനിയേ ഇതൊക്കെ സാധിച്ചു എന്ന് ഞാന്‍ ന്യായമായും സംശയിച്ചു.
“ ആരാ ഇതിനൊക്കെ നിന്നെ സഹായിച്ചത്..?”
“അന്നൊക്കെ സകായത്തിനു തെക്കേതിലെ രാകവന്‍ വരുവാരുന്നു..പിന്നെഅവനു പോലീസില് പണികിട്ടി.....ഇപ്പം..എന്റെ പെങ്ങടെ മകന്‍ മക്കുട്ടനെ നീ അറിയൂല്ലേ..അവനാ‍ എല്ലാം നോക്കുന്നെ...!”
“..ഓ..അറിയും..മഹേഷ്..അല്ലേ..?”
“..ങാ.അവന്‍ തന്നെ..അവനു നല്ല വിത്യാപ്യാസം ഒണ്ട് വേറെപണിയൊന്നുമായില്ല..എന്നാപ്പിന്നെ എന്റടുത്ത് നിന്നൊളാന്‍ പറഞ്ഞു....രൂവാ പൈനായിരം ഞാന്‍ കൊടുക്കണൊണ്ട്...അതുപോരേ അവന്...?”  

              ഗോപാ‍ലന്‍ പോകാന്‍ തിടുക്കമിട്ട് തോളിലെ തുണിയെടുത്തു തലയില്‍ കെട്ടി.
ആദ്യമായിക്കാണുന്നതുപോലെ ഞാനവനെ നോക്കി..!
“ഇപ്പൊ എങ്ങനെയുണ്ട് ബിസ്സിനസ്സ്..?”
“ ദൈവം സഹായിച്ച് ...ഇതുവരേ ഒരുകൊഴപ്പോമില്ല...!”
“കാശുകൊറേ ഉണ്ടാക്കിക്കാണും.. അല്ലേ..?”
“ഒക്കെ കണക്കാ..മൊത്തം ചെലവല്ലേടാ...
പത്തിരുവതുപണിക്കാരൊണ്ട്..അവര്‍ക്ക്കൂലി....പോലീസുകാര്‍ക്ക്...പഞ്ചായത്തില്.. യൂണിയങ്കാര്‍ക്ക്.....അതുകഴിഞ്ഞു രണ്ടു ടിപ്പറു മേടിച്ചു....മ്മടെ കുന്നുമ്പൊറത്ത് ഒരേക്കറ്  റവര്‍തോട്ടം.....എല്ലാം കാശല്ലേ..!”  -എന്റെ അമ്പരപ്പു കൂടി..!നാലും മൂന്നും ഏഴ്..എന്നറിയാത്ത ആ പഴയ ഗോപി തന്നെയോ..ഇത്..!!
-ഗോപാലന്‍ തുടര്‍ന്നു..
.“ഇപ്ലത്തെസൈറ്റിലെ മണലു തീരാറായി...റെയില്‍ വേടെ അപ്രത്ത് ഇച്ചിരി സലത്തിന് അട്വാന്‍സ് കൊടുത്തിട്ടുണ്ട്...ഇനി അതിനു കാശൊണ്ടാക്കണം...ആകെ പ്രശ്നങ്ങളാ...!“-അവന്‍ നിലത്തിട്ടിരുന്ന ഓല മടല്‍ എടുത്തു തോളില്‍ വച്ചു...
“.....അതിനിടക്കാ ഇവിടെ...ഈതെങ്ങിന്‍ തോപ്പ്  മേടിച്ചത്..വിട്ടു കളയാന്‍ തോന്നീല്ല..പണ്ട് ഞാനൊത്തിരി  കൊത്തിക്കെളച്ച മണ്ണാ...കൊറച്ചേ ഒള്ളു..ഇരുവത്തിരണ്ടു സെന്റ്.....ഇപ്പം അവിടെവരെ പോയേച്ചും വരുവാ....!”-എന്റെ അന്ധാളിപ്പ് ശ്രദ്ധിക്കാതെ അവന്‍ തുടര്‍ന്നു
“അല്ല...നിന്റെ വിശേഷം ഒന്നും പറഞ്ഞില്ലല്ലോ.....,അല്ലേലും..നിനക്കെന്താ കൊഴപ്പം...കെള്‍ഫില് ജോലി ....നല്ലചമ്പളം....കാശിനു..കാശ്....”        
-ഇരിപ്പിടം ചൂടായിട്ടെന്നപോലെ ഞാന്‍ പെട്ടന്നെഴുന്നേറ്റു...മനസ്സറിയാതെ ഒരു നിശ്വാസം വെളിയിലെത്തി..!
ഇരുകൈകളും അവന്റെ ചുമലില്‍ വച്ച് ഞാന്‍ പറഞ്ഞു.....
“ അതേടാ..എനിക്കു സുഖാണ്...”
“കൊറേ കാലായില്ലേ അവിടെ,...ഇനി തിരിച്ചുപോരാമ്മേലേ..?”
“ഉം.....പോരണം.!”- തലയാട്ടിക്കൊണ്ട് പറഞ്ഞ വാ‍ക്കുകള്‍ ഇടറിയത് അവന്‍‍ അറിഞ്ഞില്ല..
“..തറ കെട്ടീട്ട് എന്താ പെരപണി തൊടങ്ങാത്തെ...?”
                ഒരു തീക്കനല്‍കൂടി നെഞ്ചില്‍ വീണു.! ‌ -മറുപടി ഒരു ചിരിയിലൊതുക്കി ഞാന്‍ ...
“മണലു വേണോങ്കി പറേണം കേട്ടൊ ....ഞാന്‍ തന്നോളാം”
ആ വാഗ്ദാനത്തിനു നന്ദിയോടെ ഞാന്‍ തലയാട്ടി.
അവന്റെ പോക്കറ്റിലെ ഫോണ്‍ വീണ്ടും പാട്ടുപാടി.  
“ഈ ചെറുക്കനേക്കൊണ്ടു തോറ്റു....ഞാന്‍ പോകുവാടാ...പിന്നെക്കാണാം..”
ഓലയും തോളിലേറ്റി ഗോപാലന്‍ ഒരുപ്രത്യേകതാളത്തില്‍ നടന്നു നീങ്ങി....
വളര്‍ന്നു വലുതായൊരു പ്രസ്ഥാനം ആള്‍ രൂപത്തില്‍ നടന്നു പോകുന്നത് അത്ഭുതത്തോടെ ഞാന്‍ നോക്കിനിന്നു...   മുന്‍പും പിന്‍പും അക്കങ്ങളില്ലാത്ത വെറും വട്ടപ്പൂജ്യം പോലെ..!!
“..കെള്‍ഫില് ജോലി...നല്ലചമ്പളം...കാശിനു കാശ്......” ഗോപാലന്റെ വാക്കുകളുടെ പ്രതിധ്വനിയില്‍ എന്റെ മനസ്സ് വീണ്ടും പിടഞ്ഞു....
                                 പ്രിയ കൂട്ടുകാരാ... എനിക്കു നീ നല്‍കിയ വിശേഷണങ്ങളില്‍ ചേര്‍ക്കാന്‍
എന്റെ പക്കല്‍ ഇനിയുമുണ്ട് വാക്കുകള്‍...
തുടങ്ങിവച്ച വീടുപണി.....ശുഷ്ക്കിച്ച ബാങ്ക് അകൌണ്ട്....
ഇനിയും പാസ്സാകാത്ത ബാ‍ങ്ക് ലോണ്‍.....‍,
ഇന്‍ങ്ക്രിമെന്റ് ...സാമ്പത്തികമാന്ദ്യം....... ക്രെഡിറ്റ്കാര്‍ഡ്....വിലക്കയറ്റം......
ഹൊ..!എനിക്കു തലപെരുക്കുന്നു..!!
നെറുകയില്‍‍ ആകെശേഷിച്ച അഞ്ചാറു  രോമങ്ങള്‍ക്കിടയിലൂടെ വിരലോടിച്ചുകൊണ്ട്
ഞാന്‍ താഴെ, തോട്ടിലെ തെളിനീരിലേക്കിറങ്ങി...
കുറച്ചുനേര ത്തേക്കെങ്കിലും...ഈമനസ്സൊന്നു...തണുക്കട്ടെ.....!!          
                                           *
                                                                                                                                            

ഞായറാഴ്‌ച, ഡിസംബർ 12, 2010

കൊച്ചു കൊച്ചു സന്ദേശങ്ങള്‍

ച്ഛനിനി എന്നാ വരുന്നെ അമ്മേ.?”മോന്റെ യൂണിഫോമും, മോളുടെ കുഞ്ഞുടുപ്പും, അലമാരയില്‍ മടക്കി വക്കുമ്പോഴാണ് ചോദ്യം.
“ആഹാ.. നീ ഉറങ്ങീല്ലേ..?-നേരത്തേ കിടന്നതാണല്ലോ.. എന്തുപറ്റി...?”
“ഉറക്കം വരണില്ലാമ്മേ..!”
“കണ്ണടച്ചു പ്രാര്‍ത്ഥിച്ചിട്ടു കിടന്നോ..ഉറക്കം വരും..”
“അമ്മ വരാറായോ..?“
“ദാ ഇപ്പോ എത്താം..മോനുറങ്ങിക്കോ..”
അവന്‍ കിടന്നുകൊണ്ടുതന്നെ കിടക്കവിരി തട്ടി നേരെയാക്കി അമ്മക്കുള്ള ഇടമൊരുക്കി.
“നീ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് അവളെ ഉണര്‍ത്തല്ലേ..!”
കട്ടിലില്‍ ഭിത്തിയോടുചേര്‍ന്ന്കിടന്നുറങ്ങുന്ന അനിയത്തിയെ അവന്‍ സാകൂതം നോക്കി.
“ശ്.ശ്..അവള്‍ നല്ല ഉറക്കമാ..”-അവന്‍ അമ്മയെ നോക്കി അടക്കം പറഞ്ഞു..രണ്ടുമൂന്നു നിമിഷത്തെ ഇടവേളക്കു ശേഷം അവന്‍ വീണ്ടും വാചാലനായി.
“ജോമോന്റെ പപ്പാ അടുത്ത ആഴ്ച്ച വരൂന്നു പറഞ്ഞു..!”-
“മോന്റച്ഛനും ഉടനേ വരൂടാ..!”
“സത്യം..?”
“ഉം...!”
“ഇനി അച്ഛന്‍ വരുമ്പോള്‍‍, തിരിച്ചു പോണ്ടാന്നു പറയമ്മേ..!”
അവള്‍ പുഞ്ചിരിച്ചു. പിന്നെ അലമാരി ചേര്‍ത്തടച്ച് മോന്റടുത്തെത്തി. കൈയ്യെത്തും ദൂരത്ത് മേശപ്പുറത്തിരുന്ന മൊബൈല്‍ ഫോണെടുത്ത് ഡയല്‍ ചെയ്തു. ഒരു മിസ്ഡ് കാള്‍..!
കടലിനുമപ്പുറത്ത് ,കാതങ്ങള്‍ദൂരെ ഈന്തപ്പനയുടെ നാട്ടില്‍, നഗരത്തിന്റെ തിരക്കില്‍ നിന്നകന്ന് ,വീടും കുടുബവും മനസ്സില്‍ ആവാഹിച്ചു കൊണ്ടുനടക്കുന്ന ഒരുപറ്റം വിരഹിതരുടെ താവളത്തില്‍,
കട്ടില്‍ തലക്കല്‍ തലയിണയുടെ അരുകില്‍ നിന്ന് ഒരു പ്രണയ ഗീതത്തിന്റെ ശീലുകളുയര്‍ന്നു.!
കുളി പാതിയില്‍ നിര്‍ത്തി അയാള്‍ വേഗമിറങ്ങി ഫോണിനടുത്തെത്തി..എടുക്കുന്നതിനുമുന്‍പുതന്നെ ആസംഗീതം നിലച്ചു..!
ഒരുകാമുകന്റെ കള്ളച്ചിരിയൊടെ അയാള്‍ ഫോണില്‍ നോക്കിചോദിച്ചു-
“ഇന്നെന്താ നേരത്തേ..?”
കാള്‍ കട്ടു ചെയ്ത് അവള്‍ സ്വഗതം ആരാഞ്ഞു-
“മോന്‍ പറേണതു കേട്ടോ..?”
മറുപടിയെന്നോണം ഫോണ്‍ രണ്ടു വട്ടം ശബ്ദിച്ചു..!!
ചുമലിലെ പുതപ്പ് താഴേക്കു നീക്കി തലയുയര്‍ത്തി അവന്‍ ചോദിച്ചു-
“ആരാമ്മേ...അച്ഛനാ..?.”
“ഉം..!”-അവള്‍ തലയാട്ടി. പിന്നെ ഫോണെടുത്ത് ഒരു ചെറു സന്ദേശം അയാള്‍ക്കായൊരുക്കി.
“ഞാന്‍ പറഞ്ഞ കാര്യം പറയണോട്ടോ..!”
“മോന്‍ പറഞ്ഞോടാ.....മോന്‍ പറഞ്ഞാല്‍ അച്ഛന്‍ കേള്‍ക്കും”
“ശരിക്കും..??”
“ഉം..അതേടാ..!!”-അവന്റെ കുഞ്ഞിക്കണ്ണുകള്‍ കൂടുതല്‍ വിടര്‍ന്നു.
അവളുടെ കയ്യിലെ ഫോണില്‍നിന്നും ഒരു ചെറു സന്ദേശം ദൂരേക്കു പാഞ്ഞു..
“അച്ഛന് അമ്മേട്..ഒരുപാട്..സ്നേകം ഒണ്ട്..ല്ലേ...?”
ഇത്തവണ അവളുടെ ചിരി അല്പം ഉച്ചത്തിലായി.
“അല്ല, മോനോടാ..കൂടുതല്‍.....”
“ഉം......എനിക്കറിയാം ...!“‌‌-ആറിലും അറുപതിന്റെ ഗൌരവത്തോടെ അവന്‍ -
“എന്ത്...?”
“അമ്മേടെ ഫോണില്‍ അച്ഛന്റെ മെസേജ് ഞാന്‍ കണ്ടാരുന്നു...!!”
തെല്ലു ജിജ്ഞാസയോടെ അവള്‍ മോനെ നോക്കി.
“ഐ ..ലൌ...യൂ..ന്ന്, പത്തു പ്രാവശ്യം.......!”-ഊര്‍ന്നുപോയ പുതപ്പ് മേലേക്കു വലിച്ചിട്ട് അവന്‍ കിടപ്പ് ഉറപ്പിച്ചു.
“നിന്റെ യൊരു..കാര്യം..!”-മുഖത്തെ ജാള്യത മറയ്കാന്‍ അവള്‍ നന്നേ പണിപ്പെട്ടു..!
“യിനി ഉറങ്ങിക്കോ.ട്ടോ...”‌-വാത്സല്യത്തോടെ ആ കുഞ്ഞു കവിളുകളില്‍ ഇരു കൈകളും ച്ചേര്‍ത്ത് തലോടിക്കൊണ്ട് അവള്‍ പറഞ്ഞു..
ആ സ്നേഹ ധാര നുകര്‍ന്ന് എപ്പോഴോ അവന്‍ ഉറക്കത്തിലേക്കു വഴുതി.
മുറ്റത്തെ കുടമുല്ലപ്പൂവിന്റെ സുഗന്ധ വുമായി ഒരു ചെറു കാറ്റ് അതിലേ കടന്നു പോയി..
മക്കളെ ചേര്‍ത്തണച്ച് അവളും കിടന്നു...ദൂരെനിന്നും അയാളയക്കുന്ന ഒരുചെറു സന്ദേശത്തിനു കാതോര്‍ത്തുകൊണ്ട്.........!!! 

*






വ്യാഴാഴ്‌ച, ഡിസംബർ 09, 2010

ഡാലിയാ

ഡാലിയാ..!
                 പേരിനെ അന്വര്‍ഥമാക്കുന്ന ചന്തമുണ്ടായിരുന്നു അവള്‍ക്ക്.സൌന്ദര്യവര്‍ദ്ധകഉപാധികളേതുമില്ലാതെ തന്നെ അവള്‍
അതിമനോഹരിയായിരുന്നു...!അവളുടെ നാണം നിറച്ചപുഞ്ചി രി കാംഷിക്കാത്തവര്‍ ആരുമുണ്ടായിരുന്നില്ല..!!മിതഭാഷിയെങ്കിലും കണ്ണുകള്‍ വാചാലമായിരുന്നു.പിണഞ്ഞിട്ടകേശഭാരം പെണ്‍കുട്ടികള്‍ക്കുപോലും അതിശയവും,അസൂയയുമായിരുന്നു.കാലത്തിന്റെ അനിയന്ത്രിത പായ്ച്ചിലിനിടയില്‍ വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോഴും ആപുഞ്ചിരി, ആ..വശ്യത..എനിക്കോര്‍ക്കാന്‍ സാധിക്കുന്നു.!
                       ഔദ്യോകിക ജീവിതത്തിന്റെ തീഷ്ണതയില്‍ നിന്നും അവധിക്കെത്തുമ്പോള്‍ പലപ്പോഴായി പല സതീര്‍ത്ധ്യരേയും കണ്ടിട്ടുണ്ട്.ചിലര്‍സന്തോഷം പങ്കുവയ്ക്കുന്നു..ചിലര്‍ ഭാരമേറിയ ജീവിത ഭാ‍ണ്ടക്കെട്ടഴിക്കുന്നു..ഇന്ന് തിരക്കു തെല്ലും ഒഴിയാത്ത ഈ ബസ്സ്റ്റേഷനില്‍,പൂര്‍വഭാവങ്ങളേതുമില്ലാതെ ഞാനീ കാണുന്നത് അവളെത്തന്നയോ..?ഇല്ല എനിക്കുവിസ്വസിക്കാനാവുന്നില്ല.കാലംവരുത്തുന്ന രൂപഭാവ മാറ്റങ്ങള്‍ക്കൊരതിരില്ലേ.?അതോ രൂപസാമ്യമുള്ള മറ്റൊരുത്തിയോ..?അല്ല..മങ്ങിയ ആ നോട്ടത്തിലും,രൂപത്തിലും പഴയ ആ സ്നേഹിതയെ ഞാന്‍ തിരിച്ചറിയുന്നു.!കഷ്ടിച്ചുമുപ്പതടിഅകലത്തില്‍ നില്‍ക്കുന്ന അവള്‍ക്കരുകിലേക്ക് ഞാനറിയാതെ ചുവടുവച്ചു...
“ഡാലിയാ...അല്ലേ..?”
മറ്റെവിടെയോ മനസ്സു പതിച്ചിരുന്ന ആ വാടിയ മുഖം എന്നിലേക്കു തിരിഞ്ഞു.
അതെ.. ഇതവള്‍ തന്നെ..
“ഡാലിയാ..എന്നെ മനസ്സിലായില്ലേ..?”
പ്രായം എന്നില്‍ വരുത്തിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവള്‍ക്ക് പെട്ടെന്നു കഴിഞ്ഞു..!
മുത്തുചിതറുന്ന ചിരി പ്രതീക്ഷിച്ച ആ മുഖത്ത്,വിളറിയ ഒരുമന്ദസ്മിതം വിരിഞ്ഞു..
“യ്യോ..!! പെട്ടന്നു മനസ്സിലായില്ലാട്ടോ..!!”-തളര്‍ന്ന ഒരു ശബ്ദം വരണ്ട ആചുണ്ടില്‍ നിന്നുതിര്‍ന്നു..
ആ സ്വരം..ആ ഭാവം..എല്ലാം..എല്ലാം..മാറിയിരിക്കുന്നു..
അടുത്ത വാചകത്തിനായി ഞാന്‍ പരതി..!എന്താണിവളോടുചോദിക്കുക...
സുഖമാണോ എന്നോ..?അതോ..എവിടെ പോകുന്നു എന്നോ..?
നിമിഷങ്ങള്‍ നീണ്ട മൌനം അവള്‍ തന്നെ മുറിച്ചു.
“ഇപ്പോ എവിടെയാ..?ഒരിക്കല്‍ ഷേര്‍ളി പറഞ്ഞു വെളിയിലാണെന്ന്..?”
“അതെ അവധിക്കെത്തിയതാണ്..”
“ഡാലിയാ തനിക്കെന്തു പറ്റീ..?ആകെ മാറിപ്പോയല്ലോ..?”-എന്റെ ജിജ്ഞാസ അടക്കാന്‍ എനിക്കു കഴിയാതെ പോയി.!
എന്റെ ചോദ്യം അവളില്‍ വീണ്ടും വിഷാദം പകര്‍ന്നുവോ..?
മറുപടി ഒരു ചിരിയിലൊതുക്കി അവള്‍ വീണ്ടും മൌനിയായി..!എന്തൊക്കെയോ എനിക്കു ചോദിക്കാനുണ്ട്..പക്ഷേ...
“ മാര്യേജൊക്കെ..?”-ഞാന്‍ വീണ്ടും ആകാംഷാഭരിതനായി.
“ഉം..!!”-നേരിയ ഒരു മൂളല്‍,പിന്നെ ഭയത്തോടെ  എന്തോ ഓര്‍ത്തിട്ടെന്നവണ്ണം ചുറ്റും കണ്ണോടിച്ചു.
“ഹസ്ബന്റ്റ്..?”-ആ ചോദ്യത്തിനുത്തരമായി അവളുടെ കണ്ണുകള്‍ പതിഞ്ഞിടത്തേക്ക് ഞാന്‍ നോക്കി. അല്‍പ്പമകലെ ഒരു മാടക്കടയുടെ തൂണില്‍ ചാരി, ഞങ്ങളെ ത്തന്നെ ശ്രദ്ധിക്കുന്ന,
കറുത്തു തടിച്ച ഒരതികായനില്‍ ആനോട്ടം എത്തിപ്പെട്ടു..അത്ര സൌമ്യമല്ലാത്ത അയാളുടെ നോട്ടം എന്നില്‍ തുളച്ചു കയറി.ആ മുഖത്തെ പേശികള്‍ വലിഞ്ഞു മുറുകുന്നതും, കണ്ണുകള്‍ കൂടുതല്‍ ചുവക്കുന്നതും ഞാനറിഞ്ഞു. പാതിയും എരിഞ്ഞു തീര്‍ന്ന സിഗരറ്റില്‍ നിന്നും അവസാന പുകയും ആര്‍ത്തിയോടെ വലിച്ചു വിഴുങ്ങി,ശേഷിച്ചത് ശക്തിയായി തറയിലെറിഞ്ഞ്, മുണ്ടിന്റ്റെ കുത്ത് ഇളക്കി കുത്തിക്കൊണ്ട് അയാള്‍ ഞങ്ങള്‍ക്കരുകിലേക്കു നീങ്ങി..ചുവടുറക്കാത്ത ആചലനത്തില്‍ നിന്നും കണ്ണുപറിച്ച് ഒരുവേള ഞാന്‍ അവളെ നോക്കി. വിളറി വെളുത്ത് വിവശയായ ആ സാധു എന്റെ നോട്ടം ഏല്‍ക്കാനാവാതെ മുഖം താഴ്ത്തി..! അടുത്തെത്തിയ അയാളുടെ നേരേ ചിരിക്കുവാന്‍ ശ്രമിച്ച് ഹസ്തദാനത്തിനായി ഞാന്‍ കൈ നീട്ടി..
“ഹലോ..!!”-തെല്ലിടര്‍ച്ചയിലും ദ്യഡമായിരുന്നു എന്റെ ശബ്ദം..
നീട്ടിയ എന്റെ വലം കൈ ഇടതു കൈകൊണ്ടു തട്ടിമാറ്റി അയാള്‍ അവള്‍ക്കു നെരെ തിരിഞ്ഞു
“ഡീ..  ! നീ വരണുണ്ടോ....അതോ....?”- അര്‍ധോക്തിയില്‍ നിര്‍ത്തി അയാള്‍  എന്റെ നേരേ കണ്ണുപായ്ച്ചു. വിലകുറഞ്ഞ ഏതോ വിദേശമദ്യത്തിന്റെ ഗന്ധം-
ഭൂമി പിളര്‍ന്നു താഴേക്കു പോകുവാന്‍ കൊതിച്ച സീതാദേവിയുടെ ഭാവം ഞാന്‍ അവളില്‍ വായിച്ചു..!
“അത്....ഞാന്‍....”-എന്തൊക്കെയോ പറയുവാന്‍ തുനിഞ്ഞ എന്നില്‍ നിന്നും വെട്ടിത്തിരിഞ്ഞ് ,
നിരത്തില്‍ വന്നു നിന്ന ഒരു ബസ്സിലേക്ക്  അയാള്‍ ചുവടുവച്ചു. തകര്‍ന്ന ഒരു ഹ്യദയം നെഞ്ചില്‍ താങ്ങി,കണ്ണില്‍ ഒരു കടലുമായി അയാളെ അനുഗമിക്കുമ്പോള്‍ ഒരിക്കല്‍, ഒരിക്കല്‍ മാത്രം അവള്‍ തിരിഞ്ഞു നോക്കി..!തുളുമ്പുന്ന ആ കണ്ണുകളില്‍  വിടചൊല്ലലോ..ക്ഷമാപണമോ...ഒന്നും തരം തിരിക്കാന്‍ ഞാന്‍ അപ്പോള്‍ പ്രാപ്ത നല്ലായിരുന്നു..!ബസ്സിനുള്ളിലേക്കുകാല്‍ വച്ച് തിരിയുമ്പോള്‍ ആ കണ്ണു‍കളില്‍ നിന്നും തിളച്ച നീര്‍മുത്തു കള്‍ നിലത്തു വീണു ചിതറുന്നുണ്ടായിരുന്നു..!!